Monday 19 March 2012

രക്തദാഹികള്‍




അന്ധകാരം ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു!
           മാനത്ത് ചന്ദ്രക്കല തന്നെകൊണ്ടാവും വിധം പ്രഭ തൂവി നില്‍ക്കുന്നു. ആ കുന്നിനു മുകളിലെ പഴയ കൊട്ടാരത്തില്‍ നേരിയ പ്രകാശം കാണാം.
          സമയം കൃത്യം പന്ത്രണ്ട് .
         എവിടെയൊക്കെയോ നായ്ക്കള്‍ അതി ശക്തമായി ഓരിയിടുന്നു. എങ്ങോ പൂത്തുനില്‍ക്കുന്ന നിശാഗന്ധിയുടെ ഗന്ധം അവിടമാകെ പടരുന്നുണ്ട്. അവിടിവിടെയായി പുകപടലങ്ങള്‍ ഉയരുന്നുണ്ട്. ശക്തമായ മഞ്ഞില്‍ ഇലകണങ്ങളില്‍ മഞ്ഞു തുള്ളികള്‍ നേരത്ത ശബ്ദത്തോടെ വന്നു പതിക്കുന്നു. താഴ്വാരത്തായി നില്‍ക്കുന്ന പാലമരത്തിന്റെ കൊമ്പുകള്‍ എന്തോ കണ്ടു ഭയന്നിട്ടെന്നവണ്ണം വിറച്ചുകൊണ്ടിരുന്നു.

പെട്ടെന്ന് !
          കാറ്റിനു ശക്തിയേറി അന്ധകാരത്തിന്റെ നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് കാറ്റിന്റെ ചൂളം വിളി പാറയിടുക്കുകളില്‍  തട്ടി പ്രതിധ്വനിച്ചു. എവിടെ നിന്നോ ഒരു അട്ടഹാസം കാറ്റിന്റെ ചൂളം വിളികള്‍ക്കൊപ്പം മുഴങ്ങി തുടങ്ങി. അന്തരീക്ഷത്തിലെ പുകപടലങ്ങള്‍ മെല്ലെ ആര്‍ക്കോ വേണ്ടി വഴിയൊരുക്കും വിധം അടങ്ങി തുടങ്ങി. പുകപടലങ്ങള്‍ക്കുള്ളില്‍ നിന്നും ഒരു ഭീകര രൂപിണി പുറത്തു വന്നു. ആരെയും പേടിപെടുത്തുന്ന രൂപ ഭാവങ്ങളുമായി.
           ജട കെട്ടിയ മുടിയിഴകള്‍ മെല്ലെ കാറ്റില്‍ ചലിക്കുന്നു . കണ്ണുകളില്‍ അഗ്നി ജ്വാലകള്‍ പോലുള്ള തിളക്കം, ചുവന്നു തുടുത്ത നാവും, രക്തക്കറ പുരണ്ട തേറ്റപല്ലുകളും, നീണ്ട നഖങ്ങളുമായി അവള്‍ " വടയക്ഷി " അട്ടഹസിച്ചുകൊണ്ടിരുന്നു .

              രാവിന്റെ വിജനതയില്‍ രക്തം കുടിക്കുവാന്‍ അവള്‍ വേട്ടക്ക് ഇറങ്ങുകയാണ് . ചോരക്കായി അവള്‍ കിതക്കുന്നുണ്ടായിരുന്നു. ദാഹശമനത്തിനായി ഇഷ്ട പാനീയം തേടി അവള്‍ സ്ഥിര വിഹാര കേന്ദ്രമായ ആ കൊട്ടാരത്തിലേക്ക് നടന്നു. അവളുടെ നീണ്ട മേലങ്കിയും കാര്‍കൂന്തലും നിലത്തുകൂടി ഇഴയുന്നുണ്ടായിരുന്നു . അപ്പോളും തണുത്ത കാറ്റ് വീശി കൊണ്ടിരുന്നു.
ആ ഭീകര രൂപിയെ കണ്ടിട്ട് എന്നവണ്ണം കൊട്ടാരമുറ്റത്തെ മരങ്ങളില്‍ നിന്നും കടവാവലുകള്‍ വലിയ ശബ്ദത്തോടെ ചിറകടിച്ചുയര്‍ന്നു. ചന്ദ്രന്‍ മേഘജാലങ്ങള്‍ക്കിടയില്‍ തലയോളിച്ചു.

കൊട്ടാരത്തിനുള്ളില്‍ ആരുടെയോ സംസാരം കേട്ട് അവള്‍ നിന്നു.
         അകത്ത് നാല് മനുഷ്യര്‍

               അവള്‍ തന്റെ നീണ്ട നാവു നീട്ടി ചുണ്ട് തുടച്ചു. ഇന്ന് മതിയാവോളം രക്തം കുടിക്കാം, നാല് പേരുടെ രക്തം കൊണ്ടിന്നു കുശാല്‍ എന്നോര്‍ത്ത് അവള്‍ ജനാലക്കു അരുകിലേക്ക്‌ നീങ്ങി നിന്നു.

          " ഈ നാടന്‍ ബോംബ്‌ ഒരെണ്ണം മതി ഒരുപറ്റം മനുഷ്യ പട്ടികളെ കൊല്ലാന്‍ " - ഒരുവന്‍ ബോംബ്‌ കൈലെടുത്ത് കൊണ്ട് പറഞ്ഞു. മറ്റൊരുവന്‍ വടിവാള്‍ ഉയര്‍ത്തി പിടിച്ചു മൂര്‍ച്ച പരിശോദിച്ചുകൊണ്ട്  പറഞ്ഞു " ഹും ഒറ്റവെട്ടിന് തല വേറിടും കൊള്ളാം നല്ല മൂര്‍ച്ച "
പിന്നെയും അവര്‍ ഓരോരുത്തരായി ആയുധങ്ങളെടുത്ത് പരിശോധിച്ചുകൊണ്ടിരുന്നു.

             " ശരി ഇന്ന് നേരം പുലരും മുന്‍പേ ആ ചേരി പ്രദേശം വെന്തു വെണ്ണീര്‍ ആവണം. ഈ നാട്ടിലെ രാഷ്ട്രിയ പാര്‍ട്ടികള്‍ തമ്മില്‍ ശണ്ട കൂടണം, പകയും വൈരാഗ്യവും വളരണം മനുഷ്യന്‍ മതത്തിന്റെ പേരില്‍ പരസ്പരം വെട്ടി മരിക്കണം, അനേകരുടെ രക്തം ഇന്ന് കടപ്പുറത്ത് പതഞ്ഞു ഒഴുകണം. ആഴി പോലും ആ രക്തക്കറയില്‍ ചുവന്നു തുടുക്കണം. മനുഷ്യ രക്തത്തില്‍ കാല്‍ കഴുകി ശവങ്ങളുടെ ശിരസ്സില്‍ ചവുട്ടി നമുക്ക് കടപുറത്തു കൂടി നടന്നകലണം ഇന്ന് തന്നെ " - അവര്‍ ആയുധങ്ങള്‍ വാരി കെട്ടി എഴുന്നേറ്റു.

             തീവ്ര വാദികളുടെ സംഭാക്ഷണം കേട്ട് ജനാലക്കല്‍ നിന്നിരുന്ന യക്ഷിയുടെ കാല്‍ മുട്ടുകള്‍ കൂട്ടിയിടിച്ചു... തൊണ്ട വരണ്ടു വറ്റി.., അവള്‍ തിരിഞ്ഞോടി. നിമിഷങ്ങള്‍ക്കുള്ളില്‍ ഏഴിലം പാലയില്‍ തന്നെ പ്രവേശിച്ചു. അവള്‍ ഓടുന്നതിനിടയില്‍ എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു.
" ഇനി മേലില്‍ ഞാന്‍ മനുഷ്യ രക്തം കുടിക്കില്ല ... അവര്‍ പരസ്പരം വെട്ടിയും കുത്തിയും രക്തം കുടിക്കുന്നു. ഞങ്ങള്‍ യക്ഷികള്‍ പോലും സ്വന്തം വര്‍ഗക്കാരെ ഉപദ്രവിക്കില്ല. തന്നെ യക്ഷി എന്ന് വിശേഷിപ്പിക്കുന്ന നീച മനുഷ്യരെ നിങ്ങളെ ഞാന്‍ എന്ത് വിളിക്കണം രക്തദാഹികള്‍ എന്നോ ?"
അപ്പോളും  ഭയം നിമിത്തം പാലമരത്തിന്റെ കൊമ്പുകള്‍ വിറച്ചിരുന്നു. നായ്ക്കളുടെ ഓരിയിടല്‍ പാറയിടുക്കില്‍ തട്ടി പ്രതിധ്വനിച്ചുകൊണ്ടിരുന്നു.

                                                                                                                 
                                                                                                                             പള്ളിക്കത്തോടന്‍ 

No comments:

Post a Comment