Saturday 10 March 2012

നഗരകാഴ്ചകള്‍...

               

                 ഗ്രാമത്തില്‍ നിന്നും വണ്ടി കയറുമ്പോള്‍ അവന്റെ മനസ് നിറയെ വര്‍ണകാഴ്ചകള്‍ ആയിരുന്നു. ഗ്രാമത്തിന്റെ പച്ചപ്പില്‍ നിന്നും നഗരത്തിലേക്കുള്ള അവന്റെ ആദ്യ യാത്ര ആയിരുന്നത്.

തിരക്കേറിയ നഗരത്തില്‍ ബസ്‌ ഒരു ഇരമ്പലോടെ നിന്നു. അവന്‍ അതില്‍ നിന്നും ഇറങ്ങി.

               കുതിച്ചു പായുന്ന വാഹനവ്യൂഹം, മാനം മുട്ടി നില്‍ക്കുന്ന സൌധങ്ങള്‍ എല്ലാം അവനൊരു വിസ്മയമായിരുന്നു. ഒരു നഗരം അവനെ തന്നിലേക്ക് ചേര്‍ക്കുക ആയിരുന്നു. അതെ ആ നഗര കാഴ്ചകളില്‍ അവന്‍ മയങ്ങിയിരുന്നു.നഗരം എന്നാ സുന്ദരിയുടെ വശ്യത അവനെ സ്വപ്ന ലോകത്താക്കുകയായിരുന്നു,അവന്‍ തന്നെ തന്നെ മറന്നു കാഴ്ചകളില്‍ മുഴുകി.


                എന്തോ ഒരു ശബ്ദം കേട്ട് അവന്‍ ഞെട്ടി തിരിഞ്ഞു നോക്കി. അവന്‍ സ്വപ്ന ലോകത്ത് നിന്നും ഉണര്‍ന്നു. കുറെ നായ്ക്കള്‍ എന്തിനോ വേണ്ടി കടിപിടി കൂടുന്നു അതിനിടയില്‍ കുറെ കുട്ടികളും, പാറി പറക്കുന്ന മുടികള്‍, പിഞ്ചി കീറിയ വസ്ത്രങ്ങള്‍, ചിലരുടെ ദേഹത്ത് നിന്നും രക്തവും ചലവും ഒലിച്ചിറങ്ങുന്നു. ആ മുറിവുകളിലേക്ക് നായ്ക്കളുടെ പല്ലും നഖവും ആഴ്ന്നിറങ്ങി. എങ്കിലും വിസപ്പിന്റെ താളം തുടികൊട്ടുന്ന വയരുകളെ അടക്കി നിര്‍ത്താന്‍ ആ മനുഷ്യ കുരുന്നുകള്‍ നായ്ക്കളോട് കടിപിടി കൂടുകയായിരുന്നു. ആ എച്ചില്‍ പൊതികളിലെ ഓരോ വറ്റിനും വേണ്ടി.

               നാഗരികതയുടെ വശ്യതയില്‍ മയങ്ങിയ അവനതു വിശ്വസിക്കേണ്ടി വന്നു. അമ്മയുടെ താരാട്ടിന്റെ ശീലുകളില്‍ ആ മടിത്തട്ടില്‍ തല ചയ്ച്ചുരങ്ങിടണ്ട, പുത്തനുടുപ്പും , പുസ്തകങ്ങളുമായി കളിചിരികളുടെ ലോകത്ത് നടക്കേണ്ട പിഞ്ചോമനകള്‍ ഒട്ടിയ വയറുമായി എച്ചില്‍ കഷണങ്ങള്‍ക്ക് വേണ്ടി തെരുവ് നായ്ക്കളുമായി മല്‍പ്പിടുത്തം നടത്തുന്നു.

              നാണയ തുട്ടുകളുടെ  കിലുക്കം അവനെ പിന്നിലേക്ക്‌ വിളിച്ചു. ഒരു മനുഷ്യന്‍, അയാളുടെ ദേഹം ആസകലം വൃണങ്ങള്‍ പഴുത്തു നില്‍ക്കുന്നു. അവയ്ക്ക് ചുറ്റും ഈച്ചകള്‍ വട്ടമിട്ടു പറക്കുന്നു. ഇടതു കൈയുടെ സ്ഥാനത് കീറിപറിഞ്ഞ ഷര്‍ട്ടിന്റെ കൈ തോണി ആടുന്നു. അവനറിയാതെ അവന്റെ കൈ പോക്കറ്റിലേക്കുനീണ്ടു. ഒരു നാണയ തുട്ട് ആ ഭിക്ഷാ പാത്രത്തിലേക്ക് വീണു. അവനു ശ്വാസം നിലക്കാന്‍ തുടങ്ങിയ നിമിഷങ്ങള്‍ ആയിരുന്നു അത്.

              സൂര്യന്‍ പടിഞ്ഞാറേ ചക്രവാളത്തില്‍ ചിത ഒരുക്കി കഴിഞ്ഞു , സ്ട്രീറ്റ് ലൈറ്റുകള്‍ കണ്ണ് ചിമ്മി തുറന്നു. എവിടെയോ ഒരു സ്ത്രീയുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്നു. കൂടെ ഒരു പുരുഷ സ്വരവും. അവന്‍ നടന്നുകൊണ്ടിരുന്നു, ആ കണ്ണുകള്‍ അവരിലേക്ക്‌ തിരിഞ്ഞു. വില കുറഞ്ഞ വസ്ത്രങ്ങള്‍ അണിഞ്ഞു തലയില്‍ പൂക്കളും ചൂടി ഒരു ദേവതയെ പോലൊരു സ്ത്രീ. ശാലിനത തുളുമ്പുന്ന മുഖം, പക്ഷെ അവനതു വിശ്വസിക്കേണ്ടി വന്നു , ആ സ്ത്രീ തന്റെ ശരിരത്തിന് വില പറയുക ആയിരുന്നു. അവനു ആ സ്ത്രീയോട് വെറുപ്പ്‌ തോന്നി. ഒപ്പം സഹതാപവും, ഒരു നേരത്തെ ആഹാരത്തിന് വേണ്ടി ആയിരിക്കാം അവര്‍ തന്റെ ശരീരം വില്‍ക്കുന്നത് , അല്ലെങ്കില്‍ വിസന്നു കരയുന്ന തന്റെ കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടിയാവാം, കുടുംബത്തിന്റെ  പട്ടിണി  അകറ്റുവാന്‍ ആവാം. സ്ത്രീയെ അമ്മയായി, ദേവിയായി വാഴിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അവള്‍ക്കു തന്റെ ശരീരം വില്‍ക്കേണ്ടി വരുന്നു.

                അവന്റെ മനസ്സില്‍ നഗരം എന്നാ സുന്ദരി ഒരു പിശചിനിയായി മാറുകയായിരുന്നു. മനുഷ്യ രക്തം കുടിക്കുന്ന മാംസം ഭക്ഷിക്കുന്ന ഒരു പിശാചിനി. ഗ്രാമത്തിലേക്കുള്ള അവസാന ബസില്‍ കയറുമ്പോള്‍ അവന്റെ മനസ്സില്‍ നഗരത്തിന്റെ വര്‍ണ്ണക്കാഴ്ചകള്‍ ഇല്ലായിരുന്നു. പകരം ഒരു നേരത്തെ ആഹരടിനായി നായ്ക്കളോട് മല്ലിടുന്ന... സ്വന്തം ശരീരം വില്‍ക്കുന്ന.. കുറെ മനുഷ്യ കോലങ്ങള്‍ മാത്രമായിരുന്നു, കൂടെ ആ മഹത്തായ കവിയുടെ ഈരടികളും.

                                                    " നാട്യ പ്രധാനം നഗരം ദരിദ്രം
                                                    നാട്ടിന്‍ പുറം നന്മകളാല്‍ സമൃദ്ധം "


                                                                                                                             കെ. എസ് . ഹരി

      

No comments:

Post a Comment