Sunday 11 March 2012

ക്ലാസ്സിക്കുകള്‍ പുനര്‍ജനിക്കുമ്പോള്‍ - മലയാള സിനിമ



                മലയാള സിനിമയില്‍ പഴയ ക്ലാസ്സിക്കുകള്‍ പുനര്‍ജനിക്കുന്ന ഈ വേളയില്‍ നമുക്കും ഒന്ന് തിരിഞ്ഞു നോക്കാം പത്മരാജനും ഭരതനും ലോഹിതദാസും സൃഷ്ടിച്ച കവിത പോലുള്ള ക്ലാസ്സിക്കുകലോടുള്ള   ഭക്തി ആദരവ് മൂലം ആ ഭംഗി പുതിയ തലമുറയിലേക്ക് എത്തിക്കുവാന്‍ വേണ്ടിയാണോ രേവതി കലാമന്ദിര്‍ പോലുള്ള ബാനറുകള്‍ പ്രയത്നിക്കുന്നതെന്ന്.

                1978 - ല്‍ പത്മരാജന്റെ രചനയില്‍ ഭരതന്‍ സംവിധാനം ചെയ്ത രതിനിര്‍വേദം രേവതി കലാമന്ദിര്‍ന്റെ ബാനറില്‍ ടി. കെ രാജീവ് കുമാര്‍ സംവിധാനം ചെയ്തു ശ്വേത മേനോന്‍ രതി ചേച്ചിയായി, മലയാള സിനിമയുടെ എക്കാലത്തെയും ക്ലാസ്സുകളില്‍ ഒന്നായ ഈ ചിത്രത്തിന്റെ പുതിയ പതിപ്പ് കണ്ടാല്‍ അറിയാം അതിന്റെ ഉദ്ധേശ ശുദ്ധി എന്തായിരുന്നു എന്ന്.

               പത്മരാജന്‍ ഭരതന്‍ രതി നിര്‍വേദം ലൈഗീകതയെ കടും നിറത്തിന്റെ ചായങ്ങളില്ലാതെ ടീനെജുകാരനായ പപ്പുവിന്റെയും രതി ചേച്ചിയുടെയും കഥ പറഞ്ഞപ്പോള്‍ അത് ഒരു ബിറ്റ് പടമായല്ല പ്രേക്ഷകര്‍ കണ്ടത് , അന്ന് ആ വിഷയം പുതുമ ആയിരുന്നു സങ്കീര്‍ണ്ണമായ ആ ഒരു വികാര ക്ഷോഭത്തിന്റെ പ്രായത്തെ മനോഹരമായ ഒരു കവിത പോലെ ആലേഖനം ചെയ്തു കാണിച്ച പഴയ ചിത്രത്തിന്റെ ഏഴയലത്ത് എത്തില്ല രാജീവ്‌ കുമാര്‍ സംവിധാനം ചെയ്ത സുരേഷ് കുമാറിന്റെ പുതിയ രതിനിര്‍വേദം. അത് ശ്വേത മേനോന്റെ മേനിയഴക് പ്രദര്‍ശിപ്പിക്കാന്‍ മാത്രമായൊരു ചിത്രം, സുരേഷ് കുമാറിന് കലയെ ഉദ്ധരിക്കുക എന്നതിലുപരി കുറഞ്ഞ പണം മുടക്കില്‍ പണം വാരാനുള്ള തന്ത്രമായിരുന്നു.

             കിന്നാരത്തുമ്പികള്‍ മുതല്‍ ഷക്കീല തരംഗം കത്തിക്കയറിയത്  പോലെ മറ്റൊരു ട്രെന്‍ഡ് ശ്വേത മേനോനെ പോലെ സെക്സിയായ ഒരു താരത്തെ വച്ച് ഒരു നല്ല സൃഷ്ടിയെ ക്ലാസ്സിക് പുനര്സൃഷ്ടി എന്ന വ്യാജേന വിറ്റുകാശാക്കി എന്നതാണ് സത്യം. പത്മരാജന്‍ രതിനിര്‍വേദം പറഞ്ഞ കാലഘട്ടത്തില്‍ അത് പുതുമ ആയിരുന്നു പക്ഷെ ഇന്നത്തെ കാകഘട്ടത്തിന്റെ അന്തരം ഏറെയുണ്ട് . പപ്പുവിനെപോലെ വികാരം ഉള്ളിലടക്കി അടുത്ത വീട്ടിലെ ചേച്ചിയെ മനസ്സില്‍ മോഹിക്കുന്ന കൌമാരം അല്ല ഇന്ന്. സാമ്പത്തിക നിലവാരത്തിന്റെ ഉയര്‍ച്ചയും "പോര്‍ണോഗ്രാഫിക്" മാധ്യമങ്ങളുടെ വളര്‍ച്ചയും ഇന്നത്തെ കൌമാരത്തെ അവിഹിത വേഴ്ച്ചയിലേക്ക് എത്തിക്കുന്ന അവസ്ഥയില്‍ എത്തിച്ചിട്ടുണ്ട്. പുതിയ രതിനിര്‍വേദം പോസ്ടരുകളില്‍ പോലും ശ്വേത മേനോന്റെ മാദകത്വം നിറഞ്ഞു നില്കുന്നു. കാലും പുക്കില്‍ ചുഴിയും കാണിക്കാന്‍ വേണ്ടി മാത്രമാണിതിലെ വസ്ത്രാലങ്കാരം പോലും. പത്മരാജന്റെ സൃഷ്ടിയില്‍ ഇല്ലാത്തതായി പോലും പല ചൂടന്‍ രംഗങ്ങളും ഇതില്‍ കുത്തി നിറക്കപെട്ടിട്ടുണ്ട് സുരേഷ് കുമാര്‍ പുതിയ ചിത്രത്തില്‍.


              രേവതി കലാമന്ദിര്‍ അടുത്ത പുനര്‍സൃഷ്ടിക്ക് ഒരുങ്ങുന്നു  " ചട്ടക്കാരി" അതും കൂടുതലൊന്നും പ്രതീക്ഷിക്കണ്ട ക്ലാസ്സിക് പുനര്‍സൃഷ്ടി എന്ന പേരില്‍ ഒരുഗ്രന്‍ മസാല ചിത്രം അത് തന്നെയാവും ചട്ടക്കാരിയും, " രാസലീലയും'' " അവളുടെ രാവുകളും " പിന്നാലെ എത്തും. കലയോടും അമൂല്യ പ്രതിഭാകലോടുമുള്ള  ആദരവാണ് അവരുടെ സൃഷ്ടികള്‍ പുനര്‍ ജനിപ്പിക്കുന്നത് എങ്കില്‍ "പെരുവഴിയമ്പലം" " ഒരിടത്തൊരു ഫയല്‍വാന്‍ " എന്നിവയൊന്നും എന്തെ റീമേക്  ചെയ്യാന്‍ ആരും മുതിരുന്നില്ല. ഒരു പക്ഷെ ഫയല്‍വാന്‍ പുനര്‍ജനിച്ചാല്‍ ഫയല്‍വാനുമായി ശാരീരിക ബന്ധം കൊതിച്ചു കഴിയുന്ന ഭാര്യ ചക്കരയുടെ  ഓര്‍മയായി ഒരു കിടപ്പറ രംഗം കൂടി ചേര്‍ത്ത് ആവും  പുതിയ ഫയല്‍വാന്‍ ഇറങ്ങുക എന്നതില്‍ സംശയം വേണ്ട.


            ഐ. വി ശശി സംവിധാനം ചെയ്ത " അവളുടെ രാവുകള്‍" റീമേക്കിനു ഒരുങ്ങുന്നു. നായികയെ കിട്ടാത്തതിന്റെ പേരില്‍ വൈകുന്നു എന്നതാണ് റിപ്പോര്‍ട്ട്. സനൂഷയും രമ്യ നമ്പീശനും നായിക പരിഗണനയില്‍ ഉള്ളതെന്ന് കേള്‍ക്കുന്നു. സെന്‍സര്‍ ബോര്‍ഡ്  "എ " സര്‍ട്ടിഫിക്കറ്റ്  ലഭിക്കുന്ന ആദ്യ മലയാള ചിത്രമാണ് " അവളുടെ രാവുകള്‍ '' സാഹചര്യ വശാല്‍ അഭിസാരിക ആവേണ്ടി വന്ന ഒരു പെണ്‍കുട്ടിയുടെ കഥ മനോഹരമായി പറഞ്ഞ ചിത്രം, അന്നത്തെ കാലത്തിന്റെ തീപ്പൊരി പാറിയ ചിത്രം എന്നൊക്കെ വിശേഷിപ്പിക്കാം അവളുടെ രാവുകളെ.



            മകളെ പഠിപ്പിച്ചു ഡോക്ടര്‍ ആക്കണമെന്ന് ആഗ്രഹിച്ച മാതാപിതാക്കള്‍ അകാലത്തില്‍ വസൂരി വന്നു മരിക്കുമ്പോള്‍ കൈകുഞ്ഞായ അനുജനെയും എടുത്ത് വിശപ്പടക്കാന്‍ തെരുവിലേക്ക് ഇറങ്ങുന്ന രാജി എന്ന പെണ്‍കുട്ടിയുടെ കഥ. ഭിക്ഷയെടുത്ത്‌ വിശപ്പടക്കി കട തിണ്ണയില്‍ അന്തിയുറങ്ങിയ രാവുകളില്‍ എന്നോ അവള്‍ പോലും അറിയാതെ അവള്‍ക്ക്  തന്റെ ചാരിത്ര്യം നഷടമാവുന്നു. പിന്നെ അവള്‍ അത് തൊഴിലാക്കി മാറ്റുന്നു, അറിയപ്പെടുന്ന വേശ്യയായി അവള്‍ ജീവിക്കുമ്പോളും സ്ത്രീ സഹജമായ ആഗ്രഹങ്ങള്‍ അവളില്‍ ഉടലെടുക്കുന്നുണ്ട്, ബാബു എന്ന ചെറുപ്പക്കാരനെ അവള്‍ ആത്മാര്‍ഥമായി പ്രണയിക്കുന്നു. രാജിയുടെ നന്മ തിരിച്ചറിയുന്ന പലരും അവളെ ഇഷ്ടപ്പെടുന്നു എങ്കിലും വേശ്യ എന്നതിനാല്‍ സ്വന്തം ജീവിതത്തിലേക്ക് ക്ഷണിക്കുന്നില്ല .

                ഒടുവില്‍ കൂട്ട ബലാല്‍സംഗത്തിനു ഇരയായ രാജി തന്റെ അനുജന്റെ മരണത്തിനു കാരണമായ ആളിനോട്‌  ക്ഷമിക്കുന്നു. അയാള്‍ സ്ഥലം മാറ്റം വാങ്ങി പോകുമ്പോള്‍ അവള്‍ അയാള്‍ക്ക് ഭക്ഷണം വച്ച് വിളമ്പി കൊടുത്ത് ഉച്ചിഷ്ട ഇല  എടുക്കുന്നത് ഒരു വീട്ടമ്മയുടെ അധികരികതയിലാണ് . അവളുടെ ജീവിതത്തില്‍ ഒരിക്കലും സംഭവിക്കാത്ത ഭാര്യ പദവിയോടുള്ള അവളുടെ അഭിനിവേശം നന്നായി ചിത്രികരിച്ചിരിക്കുന്നു. സീമ അവതരിപ്പിച്ച രാജി എന്ന കഥാപാത്രം ബ്രായില്‍ നില്‍ക്കുന്ന  ഒരു സീന്‍ ഒഴിച്ചാല്‍ അവളുടെ രാവുകളില്‍ സെക്സിന്റെ അതി പ്രസര രംഗങ്ങള്‍ കുറവാണ്. മൂല്യം ചോരാതെ ഒരു വേശ്യയുടെ  കഥ പറഞ്ഞ അവളുടെരാവുകള്‍ ആ കാലഘട്ടത്തിന്റെ ആവേശമായിരുന്നു.

               ഐ. വി ശശി തന്നെ സംവിധാനം ചെയ്യുന്നത് കൊണ്ട് മൂല്യ ച്യുതി സംഭവിക്കാതെ അവളുടെരാവുകള്‍ പുന സൃഷ്ടിക്കപ്പെടും എന്ന് കരുതാം. ഇന്നത്തെ തലമുറയുടെ ലൈംഗിക അതിപ്രസരത്തിന്റെ ഭാഗമായി ഇതിലും രംഗങ്ങള്‍ക്ക് ചൂടെകാം, രമ്യ നമ്പീശന്‍ രാജിയായാല്‍ അവളുടെ രാവുകള്‍ക്ക്‌ ആളുകയരുന്നത് രമ്യയുടെ മേനിയഴക് കാണുവാന്‍ എന്ന ഉദ്ദേശത്തില്‍ ആവും അത് നമ്മുടെ പ്രേക്ഷകന്റെ രീതിയല്ലേ? അതിന്റെ നിഴലാട്ടങ്ങലാവും ഇനിയുള്ള റീമേക്കുകളില്‍ എല്ലാം തന്നെ.

              ഭരതന്റെ പുത്രന്‍ സിദ്ധാര്‍ഥന്‍ പിതാവിന്റെ 'നിദ്ര ' എന്ന ചിത്രം പുന സൃഷ്ടിച്ചു. ആദ്യ ദിവസങ്ങളില്‍ ചിത്രം ഡ്രോപ്പ് ഔട്ട്‌ ആയിരുന്നു, ചിത്രത്തില്‍ മസാലയുടെ കുറവായിരിക്കണം കാരണം എന്ന് ആര്‍ക്കും മനസിലാവനതല്ലേ. ഭരതനോളം പറ്റില്ലെങ്കിലും മകന്റെ ഉദ്യമത്തെ പ്രോല്‍സാഹിപ്പിക്കാം.

                 ബ്യുട്ടിഫുള്ളും, ഈ അടുത്ത കാലത്തും എല്ലാം മികച്ചതെന്നു കൊട്ടി ഘോഷിക്കുമ്പോള്‍ ഈ റിലീസിംഗ് പോപുലാരിടി മാത്രം ആയിരിക്കും ഇത്തരം ചിത്രങ്ങള്‍ക്ക്, മലയാള സിനിമയുടെ ചരിത്രത്തില്‍ ഇവക്കൊന്നും ഒരു സ്ഥാനവും ഉണ്ടാവില്ല, അനൂപ്‌ മേനോന്‍ രണ്ടു ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയതാണ് ബ്യുട്ടിഫുള്‍ എന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ് എന്ന് പറയുന്നു, ആ ലാഘവം ആ  ചിത്രത്തിന്റെ ഘടനയെയും ബാധിച്ചിട്ടുണ്ട്, പത്മരാജനെ പോലുള്ളവര്‍ ഒരിക്കല്‍ പോലും പറഞ്ഞു കേട്ടിട്ടില്ല ഇത്ര ചടുലമായ സ്ക്രിപ്ടിങ്ങ്നെ പറ്റി, ചില നാടന്‍ പ്രയോഗങ്ങളും ദ്വയാര്‍ഥ സംഭാക്ഷണവും മാത്രമാണ്  ബ്യുട്ടിഫുള്‍ എന്ന ചിത്രത്തെ ശ്രധിക്കപെടുത്തിയത്, "കൊള്ളാം കണ്ടിരിക്കാം" എന്നതിലുപരി മികവോന്നും പറയാന്‍ മാത്രമില്ല ബ്യുട്ടിഫുള്‍ എന്നാണ് എന്റെ അഭിപ്രായം. നാഗരിക സംസ്കാരത്തില്‍ വളര്‍ന്നവര്‍ "ഐശ്വര്യ റായിക്ക്  വയറിളക്കം" എന്നും, "കറുത്ത ബ്രാ വെളിയില്‍ കാണിക്കുന്ന പെണ്‍കുട്ടി" എന്നുമൊക്കെ പറഞ്ഞപ്പോള്‍ അതൊരു പുതുമയായി തലേല്‍ കേറ്റി, നാട്ടിന്‍ പുറങ്ങളില്‍ ഇത്തരം സര്‍വസാധാരണ സംഭാക്ഷണങ്ങള്‍ കേട്ട് വളര്‍ന്നവര്‍ ഇതൊന്നും മൈന്‍ഡ് ചെയ്യണമെന്നില്ല , അല്ലെങ്കില്‍ ലോക്കല്‍ സംഭക്ഷണം സിനിമ പോലുള്ള ഒരു മാധ്യമത്തില്‍  വന്നപോലുള്ള ഒരു ആവേശം അത്രേ ഉള്ളൂ ബ്യുട്ടിഫുള്‍.

                 കഴമ്പുള്ള സിനിമകള്‍ എടുക്കുന്ന മുഖ്യധാര സംവിധായകരായ രഞ്ജിത്തും, ബ്ലെസ്സിയും അവരൊക്കെ മാറി ചിന്തിച്ച മാറ്റങ്ങള്‍ ചരിത്രമാണ്, അവരൊന്നും മൂന്നു ദിവസം കൊണ്ടല്ല തിരക്കഥ എഴുതുന്നത് അതിന്റെ മികവു അവരുടെ ചിത്രങ്ങളില്‍ കാണാനും കഴിയും. മാറ്റം നല്ലതാണു പക്ഷെ സാമ്പത്തിക മൂല്യം മാത്രം ഉദ്ദേശിച്ചു മാതം മാറുന്നത് വെറുതെയാണ് അത് മലയാള സിനിമയുടെ നിലവാര തകര്‍ച്ചക്ക് വഴിയൊരുക്കും. മലയാള സിനിമയില്‍ മാറ്റത്തിന്റെ ആര്‍പ്പുവിളികള്‍ ഉയരുമ്പോള്‍ , മസാല നിറച്ച് പഴയ ചിത്രങ്ങളുടെ പുനസൃഷ്ടിയും, പാശ്ചാത്യന്റെ സംസ്കാരത്തില്‍ അവിഹിത ബന്ധവും പെണ്ണ് പിടിത്തവും   വരച്ചു കാണിക്കുന്ന നവജാത സിനിമകളും അല്ല വേണ്ടത്. മലയാളിക്ക് അഭിമാനിക്കാവുന്ന തകരയും, തൂവാനത്തുമ്പികളും , ഞാന്‍ ഗന്ധര്‍വനും ചമയവും കിരീടവും തനിയാവര്തനവുമൊക്കെ പിറന്ന ഈ മണ്ണില്‍ ആ പ്രധിഭാ ധനന്മാര്‍ക്ക് പകരമാവില്ലെങ്കിലും , ഇത്തരം ക്ലാസിക്കുകള്‍ പിറന്നിരുന്നെങ്കില്‍ എന്ന് ആശിക്കുന്ന പഴയ ചിന്താഗതികാരുടെ കൂടെ കാത്തിരിക്കാന്‍ മാത്രമേ കഴിയൂ. കലയെ ആസ്വദിക്കാനുള്ള മലയാളിയുടെ ആ ആസ്വാദന ശേഷി നഷ്ടമായി തുടങ്ങി, കൊടുക്കുന്ന പൈസക്ക് ചിരിക്കാനും മസാല കണ്ടു ദര്‍ശന സുഖത്തിനും മാത്രമായി മലയാളിക്ക് സിനിമ എന്ന മാധ്യമം എന്ന വിധം അധപ്പതിക്കുന്നു.

                                                                                                                         പള്ളിക്കത്തോടന്‍, 

2 comments:

  1. pallickathodan paranjathu ethra seri...ithonnum veendum kuthi poki ollathinte vila kalayathirikunnatha nallathu...

    ReplyDelete