Wednesday 4 April 2012

ഒരു മഴക്കാലത്തിന്റെ ഓര്‍മയ്ക്ക്.......

         

            വേനലില്‍ വിണ്ടു  കീറിയ   ഭൂമിയുടെ മാറിലേക്ക്‌ കുളിരിന്റെ സ്പര്‍ശവുമായി  മഴ പെയ്തിറങ്ങി. പുളകങ്ങള്‍  കൊണ്ട്  ഭൂമി കോരിത്തരിച്ചു. ഭൂമിയുടെ  നാഭിയിലേക്കു ഒലിച്ചിറങ്ങിയ  ജല  തുള്ളികളാല്‍  ഒരു ആവേശത്തോടെ  അവളെ പുല്‍കി.
              ആ മഴതുള്ളികള്‍ക്കിടയില്‍ സാരിത്തലപ്പു വെള്ളത്തില്‍ സ്പര്‍ശിക്കാതെ ഒരു കൈല്‍ കുടയുമായി അവള്‍ നടന്നു വന്നു, അന്നായിരുന്നു ഞാന്‍ അവളെ ആദ്യമായി കണ്ടത് . അവളുടെ മുടി തുമ്പിലൂടെ ജല കണങ്ങള്‍ ഇറ്റു വീഴുന്നുണ്ടായിരുന്നു. അവള്‍ എന്റെ മനസിലും കുളിരിന്റെ ഒരു നനുത്ത സ്പര്‍ശമായി... ഒരു സംഗീതം പോലെ പെയ്തിറങ്ങി, ആരോ മീട്ടിയ ഒരു മൃദു സംഗീതം ഒരു സ്നേഹ രാഗം.

 അന്ന് ,
        ആ മഴക്കൊപ്പം ഞാന്‍ സ്നേഹത്തിന്റെ സംഗീതം ആസ്വദിച്ചു . ഞാന്‍ സ്നേഹിച്ചു ആദ്യമായി ആ മഴയെയും അവളെയും. അവള്‍ എന്നെ നോക്കിയോ അതോ എനിക്ക് തോന്നിയതോ? അവള്‍ എന്റെ അരുകിലൂടെ മെല്ലെ നടന്നു പോയി. എന്തായാലും ആ മുഖം ഞാന്‍ നെഞ്ചോടു ചേര്‍ത്തു. അപ്പോളും നനുത്ത സംഗീതത്തില്‍ മഴ പെയ്തുകൊണ്ടിരുന്നു.

പിന്നീടു എപ്പോളോ ഞങ്ങള്‍ അടുത്തു.
            ഒരു കുടക്കീഴില്‍ അവളെ സ്നേഹിച്ച് ഞാനും, എന്നെ സ്നേഹിച്ച് അവളും ഒരു സ്നേഹ യാത്രക്ക് ഒരുങ്ങുകയായിരുന്നു. ഞങ്ങള്‍ക്ക് കൂട്ടായി ആ നനുത്ത കുളിര്‍ സ്പര്‍ശം തൂവി മഴയും... ആ മഴയുടെ കുളിരും സംഗീതവും ഞങ്ങള്‍ ഒരുമിച്ച് ആസ്വദിച്ചു.
അന്നെന്റെ നെഞ്ചില്‍ മുഖം ചേര്‍ത്തു അവള്‍ പറഞ്ഞു - " ഈ മഴ പെയ്തു തോരതിരുന്നെങ്കില്‍" ഞാനും ആഗ്രഹിച്ചു ഈ മഴ ഒരിക്കലും തോരാതിരുന്നെങ്കില്‍.
           മഴയും വെയിലും മാറി വന്നു. മഴയുടെ കുളിരും പകലിന്റെ ചൂടും ഞങ്ങള്‍ ഒരുമിച്ച് പങ്കിട്ടു.
ഭൂമിയോട്  വിടപറഞ്ഞു സൂര്യന്‍ മായാനോരുങ്ങുന്ന ഒരു സായന്തനത്തില്‍ എന്റെ മൊബൈല്‍ ചിലച്ചു. ആ സ്ക്രീനില്‍ അവളുടെ മുഖം തെളിഞ്ഞു. എന്റെ കാതുകളില്‍ അവളുടെ ശബ്ദം ഒരു തേങ്ങലായി ഒഴുകി എത്തി. " എന്നെ മറക്കണം " തേങ്ങലുകള്‍ക്കിടയില്‍ ആ ശബ്ദം ഞാന്‍ കേട്ടു. " ഈ യാത്ര ഇവിടെ അവസാനിക്കട്ടെ" അവള്‍ പറഞ്ഞു എന്തെന്നോ എന്തിനെന്നോ അവള്‍ പറഞ്ഞില്ല , ഞാന്‍ ചോദിച്ചുമില്ല മൌനം എന്റെ വാക്കുകളെ കടമെടുത്തിരുന്നു. അപ്പോളും മഴ പെയ്യുന്നുണ്ടായിരുന്നു. പക്ഷെ ആ മഴയ്ക്ക് കുളിരുണ്ടായിരുന്നില്ല, അതിന്റെ സംഗീതം മൃദുവായിരുന്നില്ല വന്യമായ ഒരു ആവേശത്തോടെ ആ ജലത്തുള്ളികള്‍ ഭൂമിയുടെ മാറിലേക്ക്‌ പെയ്തിറങ്ങി, ആ നെഞ്ച് പിടഞ്ഞോ ? അവിടെ ഉയര്‍ന്നത് സ്നേഹത്തിന്റെ ലാളനം കൊണ്ടുള്ള കുറുകല്‍ ആയിരുന്നില്ല. നെഞ്ച് പോട്ടികരയുന്ന അലയൊലികള്‍ ആയിരുന്നു. അവളുടെ തേങ്ങല്‍ അപ്പോളും ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു, അന്ന് ഞാന്‍ മഴയെ വെറുത്തു ആദ്യമായി.

ഇന്ന്

            ഈ ജനലരുകില്‍ വിദൂരതയിലേക്ക് നോക്കി നില്‍ക്കുന്ന എനിക്ക് മുന്‍പില്‍ വീണ്ടും ഒരു മഴ പെയ്തിറങ്ങി, ഇന്ന് ഞാന്‍ മനസിലാക്കുന്നു അന്ന് ആ തേങ്ങലുകള്‍ക്കിടയില്‍ അവള്‍ ചിരിക്കുക ആയിരുന്നു എന്ന് , അവളെ ഞാന്‍ വെറുത്തില്ല,  ഇപ്പോളും ഞാന്‍ സ്നേഹിക്കുന്നു ഈ മഴയെയും കാരണം സ്നേഹിക്കപെടുവാന്‍ വേണ്ടി മാത്രമല്ല ഞാന്‍ സ്നേഹിച്ചത് . നിര്‍വികാരതയോടെ ഞാന്‍ നോക്കി നിന്നു ആ മഴത്തുള്ളികളെ, ജാലക ചില്ലില്‍ ഈറന്‍ പടര്‍ത്തിയ നനുത്ത മറയില്‍ അറിയാതെ കൈവിരല്‍തുമ്പാല്‍ അവളുടെ നാമം എഴുതിയത് എന്റെ കണ്ണ് നീര്‍ തുള്ളിക്കൊപ്പം ഒളിച്ചിറങ്ങുന്നത് ....

                                                                                                                          കെ. എസ് . ഹരി 

No comments:

Post a Comment