Friday, 6 April 2012

മലയാള മലയാള സിനിമയും ഇന്നത്തെ തലമുറയും - ഒരു അവലോകനം

                മലയാള സിനിമയുടെ പ്രതിസന്ധിയെ കുറിച്ചും അതിനുള്ള പ്രതിവിധികളെ കുറിച്ചും ഒന്നും വിശകലനം ചെയ്യാന്‍ ഞാന്‍ ആളല്ല. അതിനൊക്കെ അര്‍ഹരായവര്‍ മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നുണ്ട്. ഒരു സാധാരണ പ്രേക്ഷകന്റെ വിലയിരുത്തല്‍ മാത്രമാണിത്.



               കലയോടുള്ള ഭ്രമം കൊണ്ട് സിനിമ പിടിക്കുന്ന സംവിധായകരും നിര്‍മാതാക്കളും വിരലില്‍ എന്നവുന്നവര്‍ മാത്രമായിരിക്കുന്നു. അടുത്തിടെ ഇറങ്ങിയ "നായിക" എന്ന മലയാളസിനിമ അതിനുള്ള പ്രതികരണങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ എല്ലാം തന്നെ മോശം എന്നായിരുന്നു. എന്താണ് ആ സിനിമയില്‍ മോശം എന്നെനിക്കു മനസിലായില്ല, ജയരാജ്‌ ആ സിനിമയിലൂടെ പറയാന്‍ ശ്രമിച്ചത് ഒരു വ്യത്യസ്തമായ പ്രമേയം തന്നെ ആയിരുന്നു. ആ ചിത്രത്തെ മോശമെന്ന് പറഞ്ഞു പുരംതല്ലിയവര്‍ തന്നെ " ബ്യുട്ടിഫുള്‍" എന്ന ചിത്രത്തെ സൂപ്പര്‍ എന്ന് പറഞ്ഞു ഓശാന പാടുന്നത് ഇതേ സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ കൂടി തന്നെ കാണാന്‍ ഇടയായി എന്തോ എനിക്ക് അതത്ര സ്വീകാര്യമായി തോന്നിയില്ല. നായിക എന്ന സിനിമയെകാളും ഒരു മികവും ഞാന്‍ ബ്യുട്ടിഫുള്‍  എന്ന ചിത്രത്തില്‍ കണ്ടില്ല.


             കാലത്തിന്റെ മാറ്റം, ചിന്തകളില്‍ വന്ന വ്യത്യാസങ്ങള്‍ എല്ലാം തന്നെ ബാധിക്കുന്നുണ്ട് ഈ വിലയിരുത്തലില്‍, ഓരോരുത്തരും അവരവരുടേതായ രീതിയിലാണ് കാണുന്നത് ഇത് എന്റെ മാത്രം ചിന്തയാണ്. ഇന്നത്തെ സിനിമയുടെ മുഖ്യ വാര്‍ത്താവിതരണ മാര്‍ഗം ഇന്റര്‍നെറ്റ്‌ തന്നെയാണ് പണ്ടൊക്കെ സിനിമയുടെ കഥ സംഗ്രഹം അച്ചടിച്ച നോട്ടീസ് ആയിരുന്നു. ഇപ്പോളത്തെ പുതിയ ട്രെണ്ടാണ് "വളി" അത് പൊക്കി പിടിച്ചാണ് ഇപ്പോള്‍ മിക്ക സിനിമകളും എത്തിപെടുന്നത്. അങ്ങനെ എത്തുന്ന സിനിമകളെ പുതു തലമുറയുടെ സൃഷ്ടി എന്നൊരു ഓമന പേരും നല്‍കുന്നു. ഇതില്‍ സംഭവിക്കുന്നത് പഴയ കാലത്ത്  നാട്ടിന്‍ പുറങ്ങളില്‍ വളര്‍ന്നവര്‍ ഈ "വളി " എന്നതിനെ ഒരു സംഭവമായി കാണാറില്ല ചേനയും, ചേമ്പും, മരച്ചീനിയും കഴിച്ചു വളര്‍ന്നവന് ഇത് സര്‍വ സാധാരണമാണ് , വീടുകളില്‍ മുഴക്കത്തോടെ തന്നെ പ്രതിധ്വനിച്ചിരുന്നു, നല്ല ഉച്ചത്തില്‍ മുഴങ്ങുന്ന ഇതിനു പൊറി എന്ന് തന്നെ പച്ചക്ക് പറയും. പണ്ടൊക്കെ സര്‍ക്കാര്‍ സ്കൂളിന്റെ ബെഞ്ചില്‍ ഇരുന്നു ഞെളിപിരി കൊണ്ട്  "വളി" വിടുമ്പോള്‍ ആ ക്ലാസ് റൂം ആകെ മൂക്ക് പോത്തുമ്പോള്‍ ആദ്യം മൂക്ക് പൊത്തുന്നവനെ  പ്രതിയാക്കി കളിയാക്കും. സമുഹത്തില്‍ ഉന്നത നിലയില്‍ വളര്‍ന്നവര്‍ക്ക് ഇത് വല്യ കാര്യമാവം കാരണം ചൈനീസും കോണ്ടിനെന്റലും കഴിച്ച വളര്‍ന്നവന് വായൂ ശല്യം ഉണ്ടാകില്ലല്ലോ എ .സി ക്ലാസ് റൂമില്‍ പഠിക്കുന്നവന് വളി ഇല്ലെന്നല്ല പോയാലും ആരും ആരും അറിയാതെ നാറ്റം സഹിച്ചു ഇരിക്കയെ ഉള്ളൂ. ഈ രണ്ടാമത് പറഞ്ഞവന്മാരന് ഇത്തരം രംഗങ്ങള്‍ ഉള്ള സിനിമകളെ വല്യ ആനയാന്നും പറഞ്ഞു ഫേസ് ബുക്ക്‌ പോലുള്ള നെറ്റ്‌വര്‍ക്ക്കളില്‍ പ്രതികരിക്കുന്നത്, പണ്ട് കാരണവന്മാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്  "അങ്ങാടി പിള്ളേരും നാട്ടു പിള്ളേരും തമ്മില്‍ ചെരില്ലന്നു"
          ഇതില്‍ നാട്ടു പിള്ളേര്‍ എന്നുള്ളവര്‍ക്ക് നാട്ടിന്‍ പുറത്തിന്റെ എല്ലാ കളികളും കൊണ്ട് ഉന്നതന്മാരുടെ ആ സംസ്കാരവും ഉള്‍കൊണ്ട് ജീവിക്കാന്‍ പറ്റും പക്ഷെ ഉന്നതനെന്നും ഉന്നതന്‍ തന്നെ  അവനു താഴെക്കിടയില്‍ ഉള്ളവന്റെ സംസ്കാരം കുറച്ചില്‍ ആകും. ഹൈ സോസൈടി   മമ്മിമാര്‍ കൂട്ടിലിട്ടു വളത്തി വിടുന്ന മക്കള്‍ ഒരു പ്രൊഫഷണല്‍ വിദ്യാഭ്യാസ കാലത്ത്  പട്ടിയെ തുടലില്‍ നിന്ന് വിടുന്ന പോലുള്ള ഒരു സ്വാതന്ത്ര്യം വീണു കിട്ടുമ്പോള്‍ അവന്‍ ആ ലോക്കല്‍ സംസ്കാരം വല്ലാണ്ട് ആകര്‍ഷിക്കും അതാണ് ഇത്തരം ലോക്കല്‍ സംഭാഷണങ്ങള്‍ ഉള്ള സിനിമകളെ അവന്മാര്‍ പൊക്കി പിടിച്ചോണ്ട് നടക്കുന്നത്, പിന്നൊന്ന് എവിടുന്നെങ്കിലും പത്മരാജന്റെയോ ഭരതന്റെയോ രണ്ടു പുസ്തകങ്ങള്‍ വായിക്കും പിന്നെ അവന്‍ വല്യ പുള്ളിയായി സിനിമകളെ വിലയിരുത്തും തിരക്കഥ എഴുതുന്നവരെ വിമര്‍ശിക്കുന്നതാണ് ഒന്നാമത്തെ കാര്യം ഈ പറയുന്നവന് ഒരു സീന്‍ എഴുതണമെങ്കില്‍ തപസ്സിരിക്കണം. വായന ശീലം നല്ലതാണു പക്ഷെ നാലും മൂന്നും ഏഴു പുസ്തകങ്ങള്‍ വായിച്ച കൊണ്ട് ലോകം കീഴടക്കിയ ഗര്‍വിന്റെ ആവശ്യമില്ല, അനന്തമായ ഒരു സാഗരത്തില്‍ നിന്നും ഒരു തുള്ളി മാത്രമേ രുചിചിട്ടിള്ളൂ എന്ന് ഈ കീടങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയണില്ല.
         ഇത് എഴുത്തുകാരനും ഏതെങ്കിലും ഒന്നില്‍ നിന്നുള്ള ഒരു പ്രചോദനം കൊണ്ടാണ് ഒരു പുതിയ സൃഷ്ടി ജനിപ്പിക്കുന്നത്. പണ്ട് കാലങ്ങളില്‍ അതായത് ഈ ഇന്റര്‍ നെറ്റ് ഇത്ര സര്‍വ സദാരണം ആകുന്നതിനു മുന്‍പ് ഇറങ്ങിയ സിനിമകളെ വന്‍ കൈയ്യടിയോടെ സ്വീകരിച്ച മലയാളികള്‍ ഇന്ന് എള്ളുകീറി പരിശോദിക്കുന്നു ഏതെങ്കിലും ഒരു ഇംഗ്ലീഷ് , ഫ്രഞ്ച് സിനിമയുമായി വിദൂര സാമ്യം ഉണ്ടെങ്കില്‍ പോലും അത് അടിച്ചു മാറ്റിത് എന്ന് മുദ്രകുത്തും. ഇന്റര്‍ നെറ്റ് വഴി നമുക്കിപ്പോള്‍ ഇത് ഭാഷ സിനിമയും കണ്ടെത്താനാകും എന്നതാണിതിന്റെ കാരണം പണ്ട് ഇംഗ്ലീഷ് , ഫ്രഞ്ച്, വീഡിയോ കാസ്സെറ്റ്‌ കിട്ടുന്നത് വിരളം ആയിരുന്നു അങ്ങനെ പൂര്‍ണമായും അടിച്ച മാറ്റിയ സിനിമ വന്നാലും നമ്മുക്കത് മനസിലാകില്ലരുന്നു. ഇന്നൊരു സീന്‍ അങ്ങനെ വന്നാല്‍ അത് കണ്ടെത്താന്‍  വിരല്‍തുമ്പില്‍ വലിയൊരു ലോകവുമായി ഇന്റര്‍ നെറ്റ് , പിന്നെ കൂണ് പോലെ മുളക്കുന്ന സോഷ്യല്‍ നെറ്റ് വര്‍ക്ക്‌കളും. മലയാളിക്ക് ഇനിയൊരു ജീവിത ഗന്ധിയായ സിനിമ കാണണം എങ്കില്‍ പത്മരാജനും, ഭരതനും, ലോഹിതദാസും എല്ലാം പുരര്‍ജനിക്കെണ്ടിയിരിക്കുന്നു. രഞ്ജിത്തും ബ്ലെസ്സിയും പോലുള്ളവരുടെ സര്‍ഗസൃഷ്ടികളെ ഉള്‍കൊള്ളാന്‍ വിമുഖത കാട്ടുന്ന ഒരു സമൂഹം തന്നെ ഉണ്ട് ഇന്ന്, ഇവനെയൊക്കെ പ്രസവിക്കുന്നതിനു പകരം വായില്‍ കൂടി ചര്‍ദിക്കുക ആയിരുന്നിരിക്കണം എന്ന് തോന്നി പോകുന്നു.

  

Wednesday, 4 April 2012

ഒരു മഴക്കാലത്തിന്റെ ഓര്‍മയ്ക്ക്.......

         

            വേനലില്‍ വിണ്ടു  കീറിയ   ഭൂമിയുടെ മാറിലേക്ക്‌ കുളിരിന്റെ സ്പര്‍ശവുമായി  മഴ പെയ്തിറങ്ങി. പുളകങ്ങള്‍  കൊണ്ട്  ഭൂമി കോരിത്തരിച്ചു. ഭൂമിയുടെ  നാഭിയിലേക്കു ഒലിച്ചിറങ്ങിയ  ജല  തുള്ളികളാല്‍  ഒരു ആവേശത്തോടെ  അവളെ പുല്‍കി.
              ആ മഴതുള്ളികള്‍ക്കിടയില്‍ സാരിത്തലപ്പു വെള്ളത്തില്‍ സ്പര്‍ശിക്കാതെ ഒരു കൈല്‍ കുടയുമായി അവള്‍ നടന്നു വന്നു, അന്നായിരുന്നു ഞാന്‍ അവളെ ആദ്യമായി കണ്ടത് . അവളുടെ മുടി തുമ്പിലൂടെ ജല കണങ്ങള്‍ ഇറ്റു വീഴുന്നുണ്ടായിരുന്നു. അവള്‍ എന്റെ മനസിലും കുളിരിന്റെ ഒരു നനുത്ത സ്പര്‍ശമായി... ഒരു സംഗീതം പോലെ പെയ്തിറങ്ങി, ആരോ മീട്ടിയ ഒരു മൃദു സംഗീതം ഒരു സ്നേഹ രാഗം.

 അന്ന് ,
        ആ മഴക്കൊപ്പം ഞാന്‍ സ്നേഹത്തിന്റെ സംഗീതം ആസ്വദിച്ചു . ഞാന്‍ സ്നേഹിച്ചു ആദ്യമായി ആ മഴയെയും അവളെയും. അവള്‍ എന്നെ നോക്കിയോ അതോ എനിക്ക് തോന്നിയതോ? അവള്‍ എന്റെ അരുകിലൂടെ മെല്ലെ നടന്നു പോയി. എന്തായാലും ആ മുഖം ഞാന്‍ നെഞ്ചോടു ചേര്‍ത്തു. അപ്പോളും നനുത്ത സംഗീതത്തില്‍ മഴ പെയ്തുകൊണ്ടിരുന്നു.

പിന്നീടു എപ്പോളോ ഞങ്ങള്‍ അടുത്തു.
            ഒരു കുടക്കീഴില്‍ അവളെ സ്നേഹിച്ച് ഞാനും, എന്നെ സ്നേഹിച്ച് അവളും ഒരു സ്നേഹ യാത്രക്ക് ഒരുങ്ങുകയായിരുന്നു. ഞങ്ങള്‍ക്ക് കൂട്ടായി ആ നനുത്ത കുളിര്‍ സ്പര്‍ശം തൂവി മഴയും... ആ മഴയുടെ കുളിരും സംഗീതവും ഞങ്ങള്‍ ഒരുമിച്ച് ആസ്വദിച്ചു.
അന്നെന്റെ നെഞ്ചില്‍ മുഖം ചേര്‍ത്തു അവള്‍ പറഞ്ഞു - " ഈ മഴ പെയ്തു തോരതിരുന്നെങ്കില്‍" ഞാനും ആഗ്രഹിച്ചു ഈ മഴ ഒരിക്കലും തോരാതിരുന്നെങ്കില്‍.
           മഴയും വെയിലും മാറി വന്നു. മഴയുടെ കുളിരും പകലിന്റെ ചൂടും ഞങ്ങള്‍ ഒരുമിച്ച് പങ്കിട്ടു.
ഭൂമിയോട്  വിടപറഞ്ഞു സൂര്യന്‍ മായാനോരുങ്ങുന്ന ഒരു സായന്തനത്തില്‍ എന്റെ മൊബൈല്‍ ചിലച്ചു. ആ സ്ക്രീനില്‍ അവളുടെ മുഖം തെളിഞ്ഞു. എന്റെ കാതുകളില്‍ അവളുടെ ശബ്ദം ഒരു തേങ്ങലായി ഒഴുകി എത്തി. " എന്നെ മറക്കണം " തേങ്ങലുകള്‍ക്കിടയില്‍ ആ ശബ്ദം ഞാന്‍ കേട്ടു. " ഈ യാത്ര ഇവിടെ അവസാനിക്കട്ടെ" അവള്‍ പറഞ്ഞു എന്തെന്നോ എന്തിനെന്നോ അവള്‍ പറഞ്ഞില്ല , ഞാന്‍ ചോദിച്ചുമില്ല മൌനം എന്റെ വാക്കുകളെ കടമെടുത്തിരുന്നു. അപ്പോളും മഴ പെയ്യുന്നുണ്ടായിരുന്നു. പക്ഷെ ആ മഴയ്ക്ക് കുളിരുണ്ടായിരുന്നില്ല, അതിന്റെ സംഗീതം മൃദുവായിരുന്നില്ല വന്യമായ ഒരു ആവേശത്തോടെ ആ ജലത്തുള്ളികള്‍ ഭൂമിയുടെ മാറിലേക്ക്‌ പെയ്തിറങ്ങി, ആ നെഞ്ച് പിടഞ്ഞോ ? അവിടെ ഉയര്‍ന്നത് സ്നേഹത്തിന്റെ ലാളനം കൊണ്ടുള്ള കുറുകല്‍ ആയിരുന്നില്ല. നെഞ്ച് പോട്ടികരയുന്ന അലയൊലികള്‍ ആയിരുന്നു. അവളുടെ തേങ്ങല്‍ അപ്പോളും ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു, അന്ന് ഞാന്‍ മഴയെ വെറുത്തു ആദ്യമായി.

ഇന്ന്

            ഈ ജനലരുകില്‍ വിദൂരതയിലേക്ക് നോക്കി നില്‍ക്കുന്ന എനിക്ക് മുന്‍പില്‍ വീണ്ടും ഒരു മഴ പെയ്തിറങ്ങി, ഇന്ന് ഞാന്‍ മനസിലാക്കുന്നു അന്ന് ആ തേങ്ങലുകള്‍ക്കിടയില്‍ അവള്‍ ചിരിക്കുക ആയിരുന്നു എന്ന് , അവളെ ഞാന്‍ വെറുത്തില്ല,  ഇപ്പോളും ഞാന്‍ സ്നേഹിക്കുന്നു ഈ മഴയെയും കാരണം സ്നേഹിക്കപെടുവാന്‍ വേണ്ടി മാത്രമല്ല ഞാന്‍ സ്നേഹിച്ചത് . നിര്‍വികാരതയോടെ ഞാന്‍ നോക്കി നിന്നു ആ മഴത്തുള്ളികളെ, ജാലക ചില്ലില്‍ ഈറന്‍ പടര്‍ത്തിയ നനുത്ത മറയില്‍ അറിയാതെ കൈവിരല്‍തുമ്പാല്‍ അവളുടെ നാമം എഴുതിയത് എന്റെ കണ്ണ് നീര്‍ തുള്ളിക്കൊപ്പം ഒളിച്ചിറങ്ങുന്നത് ....

                                                                                                                          കെ. എസ് . ഹരി 

Thursday, 22 March 2012

യാത്ര


കാല ചക്രമുരുളുമ്പോള്‍ നാം ഓരോരുത്തരും അകലുകയാണ് .
കൊഴിയുന്ന ജീവിത ദിനങ്ങളില്‍ നിന്നും പ്രപഞ്ച സത്യമെന്തെന്നറിയാതെ.
പരസ്പരം സ്നേഹിച്ചലയുപോളും ആത്മാര്‍ഥ സ്നേഹത്തിനോടുവില്‍.
പതിയിരിക്കുന്നൊരു വേര്‍പാടിന്‍ നൊമ്പരം അറിയാണ്ട് .
യാത്ര പറഞ്ഞും പറയാതെയും അകലുമ്പോള്‍
ഹൃദയം വേദനയാല്‍ പിടയുമ്പോള്‍
മനസ്സിന്‍ നേരിപ്പോടിനുള്ളില്‍ കാത്തുവക്കാന്‍
ഒരുപിടി ഓര്‍മ്മകള്‍ മാത്രം.
വീണ്ടും കണ്ടുമുട്ടിയാല്‍ കേവലം
ഒരു പുഞ്ചിരിയില്‍ മാത്രം അവശേക്ഷിക്കയാവും
ആ ഒരു ബന്ധം, നെഞ്ചില്‍ ആയിരം കണ്ണീര്‍കണങ്ങള്‍ക്കൊപ്പം .
ജീവിത കദനഭാരവുമായി ജീവിത തോണി തുഴയുമ്പോള്‍
മനസ്സില്‍ നിറയുന്നോരാ ഓര്‍മ്മകള്‍ കനലായ് എരിയും.
നാം ഒരോരുത്തരേയും ഗാഡമായി  സ്നേഹിക്കുമ്പോള്‍
ഒന്നോര്‍ക്കുക! ആ വേര്‍പാടിന്റെ വേദന ഹൃദയഭേദകമാവും. 

                                                                                                                         പള്ളിക്കത്തോടന്‍ 

Monday, 19 March 2012

രക്തദാഹികള്‍




അന്ധകാരം ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു!
           മാനത്ത് ചന്ദ്രക്കല തന്നെകൊണ്ടാവും വിധം പ്രഭ തൂവി നില്‍ക്കുന്നു. ആ കുന്നിനു മുകളിലെ പഴയ കൊട്ടാരത്തില്‍ നേരിയ പ്രകാശം കാണാം.
          സമയം കൃത്യം പന്ത്രണ്ട് .
         എവിടെയൊക്കെയോ നായ്ക്കള്‍ അതി ശക്തമായി ഓരിയിടുന്നു. എങ്ങോ പൂത്തുനില്‍ക്കുന്ന നിശാഗന്ധിയുടെ ഗന്ധം അവിടമാകെ പടരുന്നുണ്ട്. അവിടിവിടെയായി പുകപടലങ്ങള്‍ ഉയരുന്നുണ്ട്. ശക്തമായ മഞ്ഞില്‍ ഇലകണങ്ങളില്‍ മഞ്ഞു തുള്ളികള്‍ നേരത്ത ശബ്ദത്തോടെ വന്നു പതിക്കുന്നു. താഴ്വാരത്തായി നില്‍ക്കുന്ന പാലമരത്തിന്റെ കൊമ്പുകള്‍ എന്തോ കണ്ടു ഭയന്നിട്ടെന്നവണ്ണം വിറച്ചുകൊണ്ടിരുന്നു.

പെട്ടെന്ന് !
          കാറ്റിനു ശക്തിയേറി അന്ധകാരത്തിന്റെ നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് കാറ്റിന്റെ ചൂളം വിളി പാറയിടുക്കുകളില്‍  തട്ടി പ്രതിധ്വനിച്ചു. എവിടെ നിന്നോ ഒരു അട്ടഹാസം കാറ്റിന്റെ ചൂളം വിളികള്‍ക്കൊപ്പം മുഴങ്ങി തുടങ്ങി. അന്തരീക്ഷത്തിലെ പുകപടലങ്ങള്‍ മെല്ലെ ആര്‍ക്കോ വേണ്ടി വഴിയൊരുക്കും വിധം അടങ്ങി തുടങ്ങി. പുകപടലങ്ങള്‍ക്കുള്ളില്‍ നിന്നും ഒരു ഭീകര രൂപിണി പുറത്തു വന്നു. ആരെയും പേടിപെടുത്തുന്ന രൂപ ഭാവങ്ങളുമായി.
           ജട കെട്ടിയ മുടിയിഴകള്‍ മെല്ലെ കാറ്റില്‍ ചലിക്കുന്നു . കണ്ണുകളില്‍ അഗ്നി ജ്വാലകള്‍ പോലുള്ള തിളക്കം, ചുവന്നു തുടുത്ത നാവും, രക്തക്കറ പുരണ്ട തേറ്റപല്ലുകളും, നീണ്ട നഖങ്ങളുമായി അവള്‍ " വടയക്ഷി " അട്ടഹസിച്ചുകൊണ്ടിരുന്നു .

              രാവിന്റെ വിജനതയില്‍ രക്തം കുടിക്കുവാന്‍ അവള്‍ വേട്ടക്ക് ഇറങ്ങുകയാണ് . ചോരക്കായി അവള്‍ കിതക്കുന്നുണ്ടായിരുന്നു. ദാഹശമനത്തിനായി ഇഷ്ട പാനീയം തേടി അവള്‍ സ്ഥിര വിഹാര കേന്ദ്രമായ ആ കൊട്ടാരത്തിലേക്ക് നടന്നു. അവളുടെ നീണ്ട മേലങ്കിയും കാര്‍കൂന്തലും നിലത്തുകൂടി ഇഴയുന്നുണ്ടായിരുന്നു . അപ്പോളും തണുത്ത കാറ്റ് വീശി കൊണ്ടിരുന്നു.
ആ ഭീകര രൂപിയെ കണ്ടിട്ട് എന്നവണ്ണം കൊട്ടാരമുറ്റത്തെ മരങ്ങളില്‍ നിന്നും കടവാവലുകള്‍ വലിയ ശബ്ദത്തോടെ ചിറകടിച്ചുയര്‍ന്നു. ചന്ദ്രന്‍ മേഘജാലങ്ങള്‍ക്കിടയില്‍ തലയോളിച്ചു.

കൊട്ടാരത്തിനുള്ളില്‍ ആരുടെയോ സംസാരം കേട്ട് അവള്‍ നിന്നു.
         അകത്ത് നാല് മനുഷ്യര്‍

               അവള്‍ തന്റെ നീണ്ട നാവു നീട്ടി ചുണ്ട് തുടച്ചു. ഇന്ന് മതിയാവോളം രക്തം കുടിക്കാം, നാല് പേരുടെ രക്തം കൊണ്ടിന്നു കുശാല്‍ എന്നോര്‍ത്ത് അവള്‍ ജനാലക്കു അരുകിലേക്ക്‌ നീങ്ങി നിന്നു.

          " ഈ നാടന്‍ ബോംബ്‌ ഒരെണ്ണം മതി ഒരുപറ്റം മനുഷ്യ പട്ടികളെ കൊല്ലാന്‍ " - ഒരുവന്‍ ബോംബ്‌ കൈലെടുത്ത് കൊണ്ട് പറഞ്ഞു. മറ്റൊരുവന്‍ വടിവാള്‍ ഉയര്‍ത്തി പിടിച്ചു മൂര്‍ച്ച പരിശോദിച്ചുകൊണ്ട്  പറഞ്ഞു " ഹും ഒറ്റവെട്ടിന് തല വേറിടും കൊള്ളാം നല്ല മൂര്‍ച്ച "
പിന്നെയും അവര്‍ ഓരോരുത്തരായി ആയുധങ്ങളെടുത്ത് പരിശോധിച്ചുകൊണ്ടിരുന്നു.

             " ശരി ഇന്ന് നേരം പുലരും മുന്‍പേ ആ ചേരി പ്രദേശം വെന്തു വെണ്ണീര്‍ ആവണം. ഈ നാട്ടിലെ രാഷ്ട്രിയ പാര്‍ട്ടികള്‍ തമ്മില്‍ ശണ്ട കൂടണം, പകയും വൈരാഗ്യവും വളരണം മനുഷ്യന്‍ മതത്തിന്റെ പേരില്‍ പരസ്പരം വെട്ടി മരിക്കണം, അനേകരുടെ രക്തം ഇന്ന് കടപ്പുറത്ത് പതഞ്ഞു ഒഴുകണം. ആഴി പോലും ആ രക്തക്കറയില്‍ ചുവന്നു തുടുക്കണം. മനുഷ്യ രക്തത്തില്‍ കാല്‍ കഴുകി ശവങ്ങളുടെ ശിരസ്സില്‍ ചവുട്ടി നമുക്ക് കടപുറത്തു കൂടി നടന്നകലണം ഇന്ന് തന്നെ " - അവര്‍ ആയുധങ്ങള്‍ വാരി കെട്ടി എഴുന്നേറ്റു.

             തീവ്ര വാദികളുടെ സംഭാക്ഷണം കേട്ട് ജനാലക്കല്‍ നിന്നിരുന്ന യക്ഷിയുടെ കാല്‍ മുട്ടുകള്‍ കൂട്ടിയിടിച്ചു... തൊണ്ട വരണ്ടു വറ്റി.., അവള്‍ തിരിഞ്ഞോടി. നിമിഷങ്ങള്‍ക്കുള്ളില്‍ ഏഴിലം പാലയില്‍ തന്നെ പ്രവേശിച്ചു. അവള്‍ ഓടുന്നതിനിടയില്‍ എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു.
" ഇനി മേലില്‍ ഞാന്‍ മനുഷ്യ രക്തം കുടിക്കില്ല ... അവര്‍ പരസ്പരം വെട്ടിയും കുത്തിയും രക്തം കുടിക്കുന്നു. ഞങ്ങള്‍ യക്ഷികള്‍ പോലും സ്വന്തം വര്‍ഗക്കാരെ ഉപദ്രവിക്കില്ല. തന്നെ യക്ഷി എന്ന് വിശേഷിപ്പിക്കുന്ന നീച മനുഷ്യരെ നിങ്ങളെ ഞാന്‍ എന്ത് വിളിക്കണം രക്തദാഹികള്‍ എന്നോ ?"
അപ്പോളും  ഭയം നിമിത്തം പാലമരത്തിന്റെ കൊമ്പുകള്‍ വിറച്ചിരുന്നു. നായ്ക്കളുടെ ഓരിയിടല്‍ പാറയിടുക്കില്‍ തട്ടി പ്രതിധ്വനിച്ചുകൊണ്ടിരുന്നു.

                                                                                                                 
                                                                                                                             പള്ളിക്കത്തോടന്‍ 

Tuesday, 13 March 2012

സങ്കല്‍പ്പങ്ങളുടെ മരമടി .





ജീവിതത്തിന്റെ നടുമുറി തേടി യാത്ര പോകുന്നവരാണ് നമ്മള്‍ ഓരോരുത്തരും, സങ്കല്‍പ്പങ്ങളും മോഹങ്ങളും സൌഭാഗ്യങ്ങളും തേടി ജീവിതത്തിന്റെ കയ്പ്പും മധുരവും അറിഞ്ഞും അറിയാതെയും യാത്ര പോകുന്നവരാണ് ഓരോ മനുഷ്യ ജന്മവും. അതില്‍ സുഹൃത്തുക്കളും കൂടെപ്പിറപ്പും, കാമുകി കാമുകന്മാരും ഉണ്ടാകും, നമ്മള്‍ സന്തോക്ഷിക്കുമ്പോള്‍ ഈവരും ഉണ്ടാകും കൂടെ. വീണു പോകുമ്പോള്‍ ആരും ഉണ്ടായെന്നു വരില്ല അതെത്ര വല്യ ബന്ധങ്ങള്‍ ആണെങ്കിലും ഇത് ബന്ധങ്ങള്‍ക്കും പരിധിയുണ്ട് മറ്റുള്ളവരും ഓരോ ജീവിതങ്ങളിലാണ്‌ ജീവിക്കുന്നത് അവരുടെ ആവശ്യങ്ങള്‍ക്ക് അപ്പുറം നമ്മളെ സഹായിക്കുന്നതിനു പരിധികള്‍ ഉണ്ട് .
            മോഹ ഭംഗങ്ങളില്‍ നമ്മള്‍ ഒരു പക്ഷെ ഉള്ളു നീരുമ്പോളും ശൂന്യമായ കീശയോടെ നില്‍ക്കുംബോളും ആത്മ മിത്രങ്ങളോട് പോലും അവസ്ഥാന്തരങ്ങള്‍ പങ്കുവക്കാന്‍ മടിക്കും നമ്മളിലെ സങ്കുചിതമായ ദുരഭിമാനം അതിനു സമ്മതിക്കാതെ വിലക്കും, പല ബന്ധങ്ങളിലും സ്വയം തിരിച്ചരിവുണ്ടാവും, കണക്കു പറയാനാവാത്ത ബന്ധങ്ങള്‍. കൂട്ടത്തില്‍ ഒരെണ്ണം കൂട്ടം തെറ്റുമ്പോള്‍ അവനില്‍ എന്തോ വിഹ്വലതകള്‍ നിറയുന്നുന്ടെന്നു  തിരിച്ചറിയുന്ന നല്ല ബന്ധങ്ങള്‍, കനവുകളില്‍ പറന്നുയരാന്‍ കണക്കുകള്‍ കൂട്ടി കിഴിക്കുമ്പോള്‍, ഭൂമിയില്‍ തൊട്ടു നടന്നിരുന്ന പുല്‍ക്കൊടികളെയും കാറ്റിനെയും വിസ്മരിച്ചൊരു സ്വപ്നലോകം അല്ലെങ്കിലും മറ്റൊരു തലത്തിന്റെ ആവേശം ഉണ്ടായിരുന്നിരിക്കണം. ഒരു പറിച്ചു നടീല്‍ അത് ഉള്‍ക്കൊള്ളാന്‍ മനസ് വിസ്സംമതം കാണിച്ചു , ബന്ധങ്ങള്‍ക്കൊപ്പം ആഘോഷങ്ങള്‍ തൊടുത്തു വിട്ടപ്പോള്‍ കൂടുതല്‍ ശൂന്യനാവുക ആയിരുന്നിരിക്കണം.
          വിരസമായിരുന്ന ഒഴിവു കാലങ്ങളില്‍ ബാധ്യതകളില്‍ കുരുങ്ങി തുടങ്ങിയപ്പോളും ഒറ്റക്കായിരുന്നു. ജീവന്റെ നുകം ഒറ്റയ്ക്ക് പേറുന്ന ഒറ്റക്കാളയുടെ ഞെളിപിരിയുടെ കാലം, പരിഹാസങ്ങളുടെ ചാട്ടവാരടികളിലും വിഡ്ഢിയെ പോലെ പുഞ്ചിരിച്ചു , ഒടുവില്‍ കടങ്ങളുടെ ചെളിപ്പടാത്തു കുഴഞ്ഞു വീഴാന്‍ തുടങ്ങിയപ്പോള്‍ ഭരിച്ചിരുന്ന രാജ്യത്ത് പ്രജയുടെ വേഷമണിഞ്ഞു കയറിചെല്ലുന്ന അവസ്ഥ. ബന്ധങ്ങളില്‍ പോലും പരിഹാസത്തിന്റെ ചാട്ടകള്‍ സീല്‍കാരത്തോടെ പുളഞ്ഞു താഴുമ്പോള്‍ .. മൌനം നിശബ്ദം... ഇനിയും പ്രയാണത്തിന്റെ പോന്നോളികളല്ല, ഒരിക്കല്‍ തുടങ്ങിയിടത് നിന്നും വീണ്ടും തുടങ്ങുവാനുള്ള ധാര്‍ഷ്ട്യം മനസ്സില്‍ നിറയുമ്പോള്‍, ദൂരെ ദൂരെ ഒരു ലക്ഷ്യമുണ്ട് ... ഉഴുതിടാന്‍ പാടാം ഇനിയും ബാക്കി ഒരുപാട് ബാക്കി.. വിതച്ചു കൊയ്തെടുക്കാന്‍.....
              കലപ്പ അഴിചെറിഞ്ഞു വീണ്ടും ആ മരമടി കാളയായി കുതിച്ചടുക്കാന്‍ വിജയത്തിലേക്ക്.. മരമടി കണ്ടത്തില്‍ പാഞ്ഞു പോകുന്ന കാള ഒരിക്കല്‍ വീണുപോയാല്‍ പിന്നെ അതിന്റെ ജീവിതം ദുഷ്കരമാവും വരിയുടച്ച്  വണ്ടികാളയായി അത് ജീവിക്കില്ല, അവന്‍ ചടുലമായി പാഞ്ഞ ചെളിക്കണ്ടം ഇല്ലണ്ടാവനു കഴിയില്ല, ആ വേഗം അവന്റെ ജീവന്റെ ഭാഗമാണ് . തലയെടുപ്പോടെ അവന്‍ പാഞ്ഞു കയരുംപോലുള്ള കൈയടികള്‍ അവന്റെ സിരകളില്‍ ഭ്രാന്തിന്റെ ചൂരില്ലാണ്ട്     അവനു കഴിയില്ല,

   

Sunday, 11 March 2012

ക്ലാസ്സിക്കുകള്‍ പുനര്‍ജനിക്കുമ്പോള്‍ - മലയാള സിനിമ



                മലയാള സിനിമയില്‍ പഴയ ക്ലാസ്സിക്കുകള്‍ പുനര്‍ജനിക്കുന്ന ഈ വേളയില്‍ നമുക്കും ഒന്ന് തിരിഞ്ഞു നോക്കാം പത്മരാജനും ഭരതനും ലോഹിതദാസും സൃഷ്ടിച്ച കവിത പോലുള്ള ക്ലാസ്സിക്കുകലോടുള്ള   ഭക്തി ആദരവ് മൂലം ആ ഭംഗി പുതിയ തലമുറയിലേക്ക് എത്തിക്കുവാന്‍ വേണ്ടിയാണോ രേവതി കലാമന്ദിര്‍ പോലുള്ള ബാനറുകള്‍ പ്രയത്നിക്കുന്നതെന്ന്.

                1978 - ല്‍ പത്മരാജന്റെ രചനയില്‍ ഭരതന്‍ സംവിധാനം ചെയ്ത രതിനിര്‍വേദം രേവതി കലാമന്ദിര്‍ന്റെ ബാനറില്‍ ടി. കെ രാജീവ് കുമാര്‍ സംവിധാനം ചെയ്തു ശ്വേത മേനോന്‍ രതി ചേച്ചിയായി, മലയാള സിനിമയുടെ എക്കാലത്തെയും ക്ലാസ്സുകളില്‍ ഒന്നായ ഈ ചിത്രത്തിന്റെ പുതിയ പതിപ്പ് കണ്ടാല്‍ അറിയാം അതിന്റെ ഉദ്ധേശ ശുദ്ധി എന്തായിരുന്നു എന്ന്.

               പത്മരാജന്‍ ഭരതന്‍ രതി നിര്‍വേദം ലൈഗീകതയെ കടും നിറത്തിന്റെ ചായങ്ങളില്ലാതെ ടീനെജുകാരനായ പപ്പുവിന്റെയും രതി ചേച്ചിയുടെയും കഥ പറഞ്ഞപ്പോള്‍ അത് ഒരു ബിറ്റ് പടമായല്ല പ്രേക്ഷകര്‍ കണ്ടത് , അന്ന് ആ വിഷയം പുതുമ ആയിരുന്നു സങ്കീര്‍ണ്ണമായ ആ ഒരു വികാര ക്ഷോഭത്തിന്റെ പ്രായത്തെ മനോഹരമായ ഒരു കവിത പോലെ ആലേഖനം ചെയ്തു കാണിച്ച പഴയ ചിത്രത്തിന്റെ ഏഴയലത്ത് എത്തില്ല രാജീവ്‌ കുമാര്‍ സംവിധാനം ചെയ്ത സുരേഷ് കുമാറിന്റെ പുതിയ രതിനിര്‍വേദം. അത് ശ്വേത മേനോന്റെ മേനിയഴക് പ്രദര്‍ശിപ്പിക്കാന്‍ മാത്രമായൊരു ചിത്രം, സുരേഷ് കുമാറിന് കലയെ ഉദ്ധരിക്കുക എന്നതിലുപരി കുറഞ്ഞ പണം മുടക്കില്‍ പണം വാരാനുള്ള തന്ത്രമായിരുന്നു.

             കിന്നാരത്തുമ്പികള്‍ മുതല്‍ ഷക്കീല തരംഗം കത്തിക്കയറിയത്  പോലെ മറ്റൊരു ട്രെന്‍ഡ് ശ്വേത മേനോനെ പോലെ സെക്സിയായ ഒരു താരത്തെ വച്ച് ഒരു നല്ല സൃഷ്ടിയെ ക്ലാസ്സിക് പുനര്സൃഷ്ടി എന്ന വ്യാജേന വിറ്റുകാശാക്കി എന്നതാണ് സത്യം. പത്മരാജന്‍ രതിനിര്‍വേദം പറഞ്ഞ കാലഘട്ടത്തില്‍ അത് പുതുമ ആയിരുന്നു പക്ഷെ ഇന്നത്തെ കാകഘട്ടത്തിന്റെ അന്തരം ഏറെയുണ്ട് . പപ്പുവിനെപോലെ വികാരം ഉള്ളിലടക്കി അടുത്ത വീട്ടിലെ ചേച്ചിയെ മനസ്സില്‍ മോഹിക്കുന്ന കൌമാരം അല്ല ഇന്ന്. സാമ്പത്തിക നിലവാരത്തിന്റെ ഉയര്‍ച്ചയും "പോര്‍ണോഗ്രാഫിക്" മാധ്യമങ്ങളുടെ വളര്‍ച്ചയും ഇന്നത്തെ കൌമാരത്തെ അവിഹിത വേഴ്ച്ചയിലേക്ക് എത്തിക്കുന്ന അവസ്ഥയില്‍ എത്തിച്ചിട്ടുണ്ട്. പുതിയ രതിനിര്‍വേദം പോസ്ടരുകളില്‍ പോലും ശ്വേത മേനോന്റെ മാദകത്വം നിറഞ്ഞു നില്കുന്നു. കാലും പുക്കില്‍ ചുഴിയും കാണിക്കാന്‍ വേണ്ടി മാത്രമാണിതിലെ വസ്ത്രാലങ്കാരം പോലും. പത്മരാജന്റെ സൃഷ്ടിയില്‍ ഇല്ലാത്തതായി പോലും പല ചൂടന്‍ രംഗങ്ങളും ഇതില്‍ കുത്തി നിറക്കപെട്ടിട്ടുണ്ട് സുരേഷ് കുമാര്‍ പുതിയ ചിത്രത്തില്‍.


              രേവതി കലാമന്ദിര്‍ അടുത്ത പുനര്‍സൃഷ്ടിക്ക് ഒരുങ്ങുന്നു  " ചട്ടക്കാരി" അതും കൂടുതലൊന്നും പ്രതീക്ഷിക്കണ്ട ക്ലാസ്സിക് പുനര്‍സൃഷ്ടി എന്ന പേരില്‍ ഒരുഗ്രന്‍ മസാല ചിത്രം അത് തന്നെയാവും ചട്ടക്കാരിയും, " രാസലീലയും'' " അവളുടെ രാവുകളും " പിന്നാലെ എത്തും. കലയോടും അമൂല്യ പ്രതിഭാകലോടുമുള്ള  ആദരവാണ് അവരുടെ സൃഷ്ടികള്‍ പുനര്‍ ജനിപ്പിക്കുന്നത് എങ്കില്‍ "പെരുവഴിയമ്പലം" " ഒരിടത്തൊരു ഫയല്‍വാന്‍ " എന്നിവയൊന്നും എന്തെ റീമേക്  ചെയ്യാന്‍ ആരും മുതിരുന്നില്ല. ഒരു പക്ഷെ ഫയല്‍വാന്‍ പുനര്‍ജനിച്ചാല്‍ ഫയല്‍വാനുമായി ശാരീരിക ബന്ധം കൊതിച്ചു കഴിയുന്ന ഭാര്യ ചക്കരയുടെ  ഓര്‍മയായി ഒരു കിടപ്പറ രംഗം കൂടി ചേര്‍ത്ത് ആവും  പുതിയ ഫയല്‍വാന്‍ ഇറങ്ങുക എന്നതില്‍ സംശയം വേണ്ട.


            ഐ. വി ശശി സംവിധാനം ചെയ്ത " അവളുടെ രാവുകള്‍" റീമേക്കിനു ഒരുങ്ങുന്നു. നായികയെ കിട്ടാത്തതിന്റെ പേരില്‍ വൈകുന്നു എന്നതാണ് റിപ്പോര്‍ട്ട്. സനൂഷയും രമ്യ നമ്പീശനും നായിക പരിഗണനയില്‍ ഉള്ളതെന്ന് കേള്‍ക്കുന്നു. സെന്‍സര്‍ ബോര്‍ഡ്  "എ " സര്‍ട്ടിഫിക്കറ്റ്  ലഭിക്കുന്ന ആദ്യ മലയാള ചിത്രമാണ് " അവളുടെ രാവുകള്‍ '' സാഹചര്യ വശാല്‍ അഭിസാരിക ആവേണ്ടി വന്ന ഒരു പെണ്‍കുട്ടിയുടെ കഥ മനോഹരമായി പറഞ്ഞ ചിത്രം, അന്നത്തെ കാലത്തിന്റെ തീപ്പൊരി പാറിയ ചിത്രം എന്നൊക്കെ വിശേഷിപ്പിക്കാം അവളുടെ രാവുകളെ.



            മകളെ പഠിപ്പിച്ചു ഡോക്ടര്‍ ആക്കണമെന്ന് ആഗ്രഹിച്ച മാതാപിതാക്കള്‍ അകാലത്തില്‍ വസൂരി വന്നു മരിക്കുമ്പോള്‍ കൈകുഞ്ഞായ അനുജനെയും എടുത്ത് വിശപ്പടക്കാന്‍ തെരുവിലേക്ക് ഇറങ്ങുന്ന രാജി എന്ന പെണ്‍കുട്ടിയുടെ കഥ. ഭിക്ഷയെടുത്ത്‌ വിശപ്പടക്കി കട തിണ്ണയില്‍ അന്തിയുറങ്ങിയ രാവുകളില്‍ എന്നോ അവള്‍ പോലും അറിയാതെ അവള്‍ക്ക്  തന്റെ ചാരിത്ര്യം നഷടമാവുന്നു. പിന്നെ അവള്‍ അത് തൊഴിലാക്കി മാറ്റുന്നു, അറിയപ്പെടുന്ന വേശ്യയായി അവള്‍ ജീവിക്കുമ്പോളും സ്ത്രീ സഹജമായ ആഗ്രഹങ്ങള്‍ അവളില്‍ ഉടലെടുക്കുന്നുണ്ട്, ബാബു എന്ന ചെറുപ്പക്കാരനെ അവള്‍ ആത്മാര്‍ഥമായി പ്രണയിക്കുന്നു. രാജിയുടെ നന്മ തിരിച്ചറിയുന്ന പലരും അവളെ ഇഷ്ടപ്പെടുന്നു എങ്കിലും വേശ്യ എന്നതിനാല്‍ സ്വന്തം ജീവിതത്തിലേക്ക് ക്ഷണിക്കുന്നില്ല .

                ഒടുവില്‍ കൂട്ട ബലാല്‍സംഗത്തിനു ഇരയായ രാജി തന്റെ അനുജന്റെ മരണത്തിനു കാരണമായ ആളിനോട്‌  ക്ഷമിക്കുന്നു. അയാള്‍ സ്ഥലം മാറ്റം വാങ്ങി പോകുമ്പോള്‍ അവള്‍ അയാള്‍ക്ക് ഭക്ഷണം വച്ച് വിളമ്പി കൊടുത്ത് ഉച്ചിഷ്ട ഇല  എടുക്കുന്നത് ഒരു വീട്ടമ്മയുടെ അധികരികതയിലാണ് . അവളുടെ ജീവിതത്തില്‍ ഒരിക്കലും സംഭവിക്കാത്ത ഭാര്യ പദവിയോടുള്ള അവളുടെ അഭിനിവേശം നന്നായി ചിത്രികരിച്ചിരിക്കുന്നു. സീമ അവതരിപ്പിച്ച രാജി എന്ന കഥാപാത്രം ബ്രായില്‍ നില്‍ക്കുന്ന  ഒരു സീന്‍ ഒഴിച്ചാല്‍ അവളുടെ രാവുകളില്‍ സെക്സിന്റെ അതി പ്രസര രംഗങ്ങള്‍ കുറവാണ്. മൂല്യം ചോരാതെ ഒരു വേശ്യയുടെ  കഥ പറഞ്ഞ അവളുടെരാവുകള്‍ ആ കാലഘട്ടത്തിന്റെ ആവേശമായിരുന്നു.

               ഐ. വി ശശി തന്നെ സംവിധാനം ചെയ്യുന്നത് കൊണ്ട് മൂല്യ ച്യുതി സംഭവിക്കാതെ അവളുടെരാവുകള്‍ പുന സൃഷ്ടിക്കപ്പെടും എന്ന് കരുതാം. ഇന്നത്തെ തലമുറയുടെ ലൈംഗിക അതിപ്രസരത്തിന്റെ ഭാഗമായി ഇതിലും രംഗങ്ങള്‍ക്ക് ചൂടെകാം, രമ്യ നമ്പീശന്‍ രാജിയായാല്‍ അവളുടെ രാവുകള്‍ക്ക്‌ ആളുകയരുന്നത് രമ്യയുടെ മേനിയഴക് കാണുവാന്‍ എന്ന ഉദ്ദേശത്തില്‍ ആവും അത് നമ്മുടെ പ്രേക്ഷകന്റെ രീതിയല്ലേ? അതിന്റെ നിഴലാട്ടങ്ങലാവും ഇനിയുള്ള റീമേക്കുകളില്‍ എല്ലാം തന്നെ.

              ഭരതന്റെ പുത്രന്‍ സിദ്ധാര്‍ഥന്‍ പിതാവിന്റെ 'നിദ്ര ' എന്ന ചിത്രം പുന സൃഷ്ടിച്ചു. ആദ്യ ദിവസങ്ങളില്‍ ചിത്രം ഡ്രോപ്പ് ഔട്ട്‌ ആയിരുന്നു, ചിത്രത്തില്‍ മസാലയുടെ കുറവായിരിക്കണം കാരണം എന്ന് ആര്‍ക്കും മനസിലാവനതല്ലേ. ഭരതനോളം പറ്റില്ലെങ്കിലും മകന്റെ ഉദ്യമത്തെ പ്രോല്‍സാഹിപ്പിക്കാം.

                 ബ്യുട്ടിഫുള്ളും, ഈ അടുത്ത കാലത്തും എല്ലാം മികച്ചതെന്നു കൊട്ടി ഘോഷിക്കുമ്പോള്‍ ഈ റിലീസിംഗ് പോപുലാരിടി മാത്രം ആയിരിക്കും ഇത്തരം ചിത്രങ്ങള്‍ക്ക്, മലയാള സിനിമയുടെ ചരിത്രത്തില്‍ ഇവക്കൊന്നും ഒരു സ്ഥാനവും ഉണ്ടാവില്ല, അനൂപ്‌ മേനോന്‍ രണ്ടു ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയതാണ് ബ്യുട്ടിഫുള്‍ എന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ് എന്ന് പറയുന്നു, ആ ലാഘവം ആ  ചിത്രത്തിന്റെ ഘടനയെയും ബാധിച്ചിട്ടുണ്ട്, പത്മരാജനെ പോലുള്ളവര്‍ ഒരിക്കല്‍ പോലും പറഞ്ഞു കേട്ടിട്ടില്ല ഇത്ര ചടുലമായ സ്ക്രിപ്ടിങ്ങ്നെ പറ്റി, ചില നാടന്‍ പ്രയോഗങ്ങളും ദ്വയാര്‍ഥ സംഭാക്ഷണവും മാത്രമാണ്  ബ്യുട്ടിഫുള്‍ എന്ന ചിത്രത്തെ ശ്രധിക്കപെടുത്തിയത്, "കൊള്ളാം കണ്ടിരിക്കാം" എന്നതിലുപരി മികവോന്നും പറയാന്‍ മാത്രമില്ല ബ്യുട്ടിഫുള്‍ എന്നാണ് എന്റെ അഭിപ്രായം. നാഗരിക സംസ്കാരത്തില്‍ വളര്‍ന്നവര്‍ "ഐശ്വര്യ റായിക്ക്  വയറിളക്കം" എന്നും, "കറുത്ത ബ്രാ വെളിയില്‍ കാണിക്കുന്ന പെണ്‍കുട്ടി" എന്നുമൊക്കെ പറഞ്ഞപ്പോള്‍ അതൊരു പുതുമയായി തലേല്‍ കേറ്റി, നാട്ടിന്‍ പുറങ്ങളില്‍ ഇത്തരം സര്‍വസാധാരണ സംഭാക്ഷണങ്ങള്‍ കേട്ട് വളര്‍ന്നവര്‍ ഇതൊന്നും മൈന്‍ഡ് ചെയ്യണമെന്നില്ല , അല്ലെങ്കില്‍ ലോക്കല്‍ സംഭക്ഷണം സിനിമ പോലുള്ള ഒരു മാധ്യമത്തില്‍  വന്നപോലുള്ള ഒരു ആവേശം അത്രേ ഉള്ളൂ ബ്യുട്ടിഫുള്‍.

                 കഴമ്പുള്ള സിനിമകള്‍ എടുക്കുന്ന മുഖ്യധാര സംവിധായകരായ രഞ്ജിത്തും, ബ്ലെസ്സിയും അവരൊക്കെ മാറി ചിന്തിച്ച മാറ്റങ്ങള്‍ ചരിത്രമാണ്, അവരൊന്നും മൂന്നു ദിവസം കൊണ്ടല്ല തിരക്കഥ എഴുതുന്നത് അതിന്റെ മികവു അവരുടെ ചിത്രങ്ങളില്‍ കാണാനും കഴിയും. മാറ്റം നല്ലതാണു പക്ഷെ സാമ്പത്തിക മൂല്യം മാത്രം ഉദ്ദേശിച്ചു മാതം മാറുന്നത് വെറുതെയാണ് അത് മലയാള സിനിമയുടെ നിലവാര തകര്‍ച്ചക്ക് വഴിയൊരുക്കും. മലയാള സിനിമയില്‍ മാറ്റത്തിന്റെ ആര്‍പ്പുവിളികള്‍ ഉയരുമ്പോള്‍ , മസാല നിറച്ച് പഴയ ചിത്രങ്ങളുടെ പുനസൃഷ്ടിയും, പാശ്ചാത്യന്റെ സംസ്കാരത്തില്‍ അവിഹിത ബന്ധവും പെണ്ണ് പിടിത്തവും   വരച്ചു കാണിക്കുന്ന നവജാത സിനിമകളും അല്ല വേണ്ടത്. മലയാളിക്ക് അഭിമാനിക്കാവുന്ന തകരയും, തൂവാനത്തുമ്പികളും , ഞാന്‍ ഗന്ധര്‍വനും ചമയവും കിരീടവും തനിയാവര്തനവുമൊക്കെ പിറന്ന ഈ മണ്ണില്‍ ആ പ്രധിഭാ ധനന്മാര്‍ക്ക് പകരമാവില്ലെങ്കിലും , ഇത്തരം ക്ലാസിക്കുകള്‍ പിറന്നിരുന്നെങ്കില്‍ എന്ന് ആശിക്കുന്ന പഴയ ചിന്താഗതികാരുടെ കൂടെ കാത്തിരിക്കാന്‍ മാത്രമേ കഴിയൂ. കലയെ ആസ്വദിക്കാനുള്ള മലയാളിയുടെ ആ ആസ്വാദന ശേഷി നഷ്ടമായി തുടങ്ങി, കൊടുക്കുന്ന പൈസക്ക് ചിരിക്കാനും മസാല കണ്ടു ദര്‍ശന സുഖത്തിനും മാത്രമായി മലയാളിക്ക് സിനിമ എന്ന മാധ്യമം എന്ന വിധം അധപ്പതിക്കുന്നു.

                                                                                                                         പള്ളിക്കത്തോടന്‍, 

Saturday, 10 March 2012

മേഘതേരില്‍.....

 കവിത

മിഴിനീര്‍ സാഗരത്തിന് നടുവില്‍ എന്നെ
തനിച്ചാക്കി എങ്ങു നീ പോയ്‌ മറഞ്ഞു
നീയില്ലാത്ത ഓരോ നിമിഷവും
എനിക്ക് വേദന ജനകമല്ലോ?
എന്തെ ഒന്നും മിണ്ടാതെ നീ പോയ്‌ മറഞ്ഞു
നിന്‍ പാദസ്വര ചലനവും കാത്ത്
ഞാനിതാ ഏകനായി അലയുന്നു
നീ വരില്ലെന്നരിഞ്ഞിടിലും വെറുതെ
നിന്‍ മോഹങ്ങള്‍ വാരി പുണര്‍ന്നു ഞാനിതാ കേഴുന്നു
നീയായിരുന്നെന്റെ പുലരികള്‍
നീയായിരുന്നെന്റെ വസന്തവും
നീയായിരുന്നെന്റെ ജീവന്റെ താളവും
എന്‍ ഹൃദയത്തില്‍ രക്ത തുള്ളികള്‍ -
പൊടിയുന്നതറിയാതെ നീ മാഞ്ഞുവോ ?
നീയിനി വരില്ലെന്നറിഞ്ഞിടിലും വെറുതെ
കളകളം പാടുന്ന പുഴകളോടും
മിന്നി തെളിയുന്ന താരകളോടും
നിന്നെ ഞാന്‍ തിരക്കുന്നു
കലിയുഗ രാധയും കൃഷ്ണനുമായ്
വൃന്ദാവനം തീര്‍ക്കാന്‍ കൊതിച്ച നീ
എന്നെ തനിച്ചാക്കി അകന്നുവോ ദൂരെ?
എന്നിലെ മോഹങ്ങള്‍ മാമ്പൂക്കള്‍ കണക്കെ
പുഴയോളങ്ങളില്‍ വീണകലുന്നു
എന്‍ മിഴികള്‍ നിറഞ്ഞാല്‍ എന്‍ മനം പിടഞ്ഞാല്‍
സ്വന്തന വാക്കുകളുമായ്
എന്‍ മിഴിനീര്‍ തുടക്കനെത്തും നിന്‍ -
മൃദുകരങ്ങള്‍ എനിക്കിനി അന്യം
നീ വരില്ലോരുനാളും എന്നരിഞ്ഞിടിലും
നിന്റെ ഗന്ധം, നിന്റെ സാമിപ്യം ഞാനിന്നു കൊതിക്കുന്നു
എന്റെ സ്വപ്നങ്ങള്‍ക്ക് ആയിരം ചിറകേകി
നീ മാഞ്ഞുവോ പ്രിയ തോഴി ...
എന്‍ മനസിന്‌ ഭ്രാന്തേകി നീ അകന്നുവോ പ്രിയാതെ
നക്ഷത്രങ്ങള്‍ കണ്ണ് ചിമ്മുന്ന നീലവാനില്‍
വെന്മേഘങ്ങളുടെ ചിറകുകളില്‍
പുഞ്ചിരി തൂവി നീയെന്നെ വിളിക്കുന്നുവോ?
വ്യര്ധമാം മോഹങ്ങള്‍ ഈ ഭൂവിലുപേക്ഷിച്ചു-
നിന്നെ തേടി ഞാനെത്തുന്നു മരണത്തിന്റെ തേരില്‍
ജന്മാന്തരങ്ങള്‍ക്കപ്പുറം നമുക്കൊന്നവാന്‍
ഒന്നിച്ചാ ശൂന്യതയില്‍ അലയുവാന്‍
എന്‍ ജന്മം അര്‍ദ്ധഗര്‍ഭമാക്കുവാന്‍, ദേവി
നിന്നെ തേടി ഞാനിതാ വന്നണയുന്നു
സ്നേഹവിപഞ്ചികയുമായി പ്രണയ രാഗങ്ങള്‍ മീട്ടി
വെള്ളിമേഘതേരില്‍ ചിരകുരുമ്മി കവിളുരുമ്മി
പാറിനടക്കാന്‍ ഞാനിതാ വന്നണഞ്ഞു....
ഞാനെന്‍ പ്രിയതയെ കണ്ടു
വെന്മേഘതേരിലിരുന്നു കണ്ടു താഴെ -
ഭൂമിയില്‍ നീ നിന്‍ ഭര്‍തൃവക്ഷസ്സില്‍ തലചായ്ച്ചു
കുറുകുന്നത് .. ഞാന്‍ ദൂരെ ദൂരെ ..മേഘങ്ങളിലും .....  


                                                                                                            പള്ളിക്കത്തോടന്‍.